പൂവാർ: തീരദേശത്തെ കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ ഗ്രാമപഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സമീപത്തെ കാഞ്ഞിരംകുളം, തിരുപുറം, കാരോട് പഞ്ചായത്തുകളിലെ ജനങ്ങൾ ആശങ്കയിലായിരിക്കുകയാണ്. ഈ പഞ്ചായത്തുകളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളായ നിരവധിപേർ തൊഴിലിടം എന്ന നിലയിലും അല്ലാതെയും ദിവസവും തീരപ്രദേശത്തിലുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാറുണ്ട്. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങൾക്കും തീരത്തുള്ളവർ സമീപ പഞ്ചായത്ത് പ്രദേശങ്ങളിലെ ഓഫീസുകളെയും കടകളെയുമാണ് ആശ്രയിക്കുന്നത്. മെയിൻ റോഡുകളും ഇടറോഡുകളും ബാരിക്കേഡുകൾ സ്ഥാപിച്ച് അടച്ചിടുകയും പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ പൊലീസ് കാവലില്ലാത്ത ഇടറോഡുകളിലൂടെയും ഊടുവഴികളിലൂടെയും ജനസഞ്ചാരം പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. കരുംകുളം ഗ്രാമപഞ്ചായത്തിൽ ഇതുവരെ നടത്തിയ ആന്റിജൻ, പി.സി.ആർ പരിശോധനയിൽ 396 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 126 പേർ രോഗമുക്തി നേടി. കോട്ടുകാൽ ഗ്രാമപഞ്ചായത്തിൽ 96 പോസിറ്റീവ് കേസുകൾ ഇപ്പോൾ നിലവിലുണ്ട്. ആരും രോഗമുക്തരല്ല. പൂവാർ ഗ്രാമപഞ്ചായത്തിൽ 60 പോസിറ്റീവ് കേസിൽ 3 പേർ രോഗമുക്തരാണ്. കുളത്തൂർ ഗ്രാമപഞ്ചായത്തിൽ 61 പോസിറ്റീവ് കേസിൽ 4 പേർ രോഗമുക്തർ. രോഗമുക്തി നേടിയവർ വീടുകളിലും അല്ലാത്തവർ വിവിധ പഞ്ചായത്തുതല ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും ജില്ലയിലെ വിവിധ ആശുപത്രികളിലുമാണ്.