kovalam

കോവളം: വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ മൂന്ന് പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബറിനകം പൂർത്തിയാകുമെങ്കിലും പോർട്ട് യൂസർ ബിൽഡിംഗ് (ഓഫീസ് കോംപ്ലക്സ്) ഉദ്ഘാടനം നീളും. തീരദേശത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഉദ്ഘാടനം നീളന്നത്. തുറമുഖ ശൃംഖലയ്ക്കാകെ വൈദ്യുതി ലഭ്യമാക്കുന്ന സ്വിച്ച് യാർഡ് സുരക്ഷ ഉറപ്പാക്കുകയും കണ്ടെയ്നർ നീക്കം ഏകോപിപ്പിക്കുകയും ചെയ്യുന്ന ഗേറ്റ് കോംപ്ലക്സ് എന്നിവ ഉടൻ ഉദ്ഘാടനം ചെയ്യാൻ പദ്ധതിയിട്ടെങ്കിലും അതും നീളുമെന്ന് ഉറപ്പായി. വിഴിഞ്ഞം തീരദേശത്ത് സർക്കാർ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയപ്പോൾ തുറമുഖ നിർമ്മാണത്തിന് ഭാഗികമായ തടസം നേരിട്ടിരിക്കുകയാണ്. നിലവിൽ ഉണ്ടായിരുന്ന തൊഴിലാളികളിൽ പകുതിപ്പേർ മാത്രമാണ് ഇപ്പോഴുള്ളത്. എന്നാൽ തുറമുഖ നിർമ്മാണത്തിനാവശ്യമായ കല്ലെത്തിക്കുന്നതിൽ യാതൊരു തടസവും ഉണ്ടായിട്ടില്ല. കൊല്ലത്തെ കുമ്മിൾ ക്വാറി, കിളിമാനൂരിലെ കടവിള ക്വാറി എന്നിവിടങ്ങളിൽ നിന്ന് കരിങ്കല്ല് എത്തിത്തുടങ്ങിയത്തോടെ പുലിമുട്ട് (ബ്രേക്ക്‌വാട്ടർ) നിർമാണം പകുതിയോളം പിന്നിട്ടു. കടലിലെ ആഴമുള്ള സ്ഥലത്ത് നിക്ഷേപിച്ച കരിങ്കല്ലുകൾ തിരയിൽപെട്ട് നഷ്ടമാകാതിരിക്കാൻ അക്രോപോഡ് എന്ന കോൺക്രീറ്റ് നിർമ്മിത കവചം സ്ഥാപിച്ചുവരികയാണിപ്പോൾ. പൂർത്തിയായ പുലിമുട്ടിന്റെ സംരക്ഷണ ജോലിയും തുറമുഖത്തേക്കുള്ള നാലുവരി പാത നിർമാണവും നടക്കുന്നുണ്ട്. ബെർത്തു നിർമാണത്തിന്റെ അടുത്ത ഘട്ട നിർമിതിക്കും പുലിമുട്ടിന്റെ സംരക്ഷണം വേണം. കാര്യമായ ജോലികളെല്ലാം ലോക്ക് ഡൗണിന് ശേഷം മാത്രമേ തുടങ്ങാനാകൂ എന്ന നിലയാണ്.

നിർമ്മാണവഴി

തുടക്കം 2015 ഡിസംബർ 5
പുലിമുട്ട് 40 ശതമാനം ( ശേഷിക്കുന്നത് 3100 മീറ്റർ )
ഡ്രജിംഗ് ആൻഡ് റിക്ലറേഷൻ 60 ശതമാനം (ശേഷിക്കുന്നത് 7.1 ദശലക്ഷം ഘനമീറ്റർ )
കണ്ടെയ്‌നർ യാർഡ് പേവർ ബ്ലോക്കുകളുടെ നിർമ്മാണം പുരോഗമിക്കുന്നു (ശേഷിക്കുന്നത് 30 ഹെക്ടർ)
കണ്ടയ്നർ ബർത്ത് പൈലിംഗ് , ബീമുകൾ, സ്ലാബുകൾ എന്നിവയുടെ നിർമ്മാണം പൂർത്തീകരിച്ചു
യന്ത്രോപകരണങ്ങൾ 3 ടഗ്ഗ് ബോട്ടുകളുടെ നിർമ്മാണം പൂർത്തിയാക്കി

കാലാവധി കടന്നാൽ പിഴ

നിർമ്മാണം യഥാസമയം പൂർത്തീകരിക്കാനാവാതെ വന്നാൽ മൂന്ന് മാസം പിഴയില്ലാതെയും തുടർന്നുവരുന്ന ആറു മാസം പിഴയോടുകൂടിയും നിർമ്മാണം പൂർത്തിയാക്കണമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. പെർഫോമൻസ് സെക്യൂരിറ്റി തുകയുടെ 0.1 ശതമാനമാണ് ദിവസേനയുള്ള പിഴ

ഫോട്ടോ... ഉദ്ഘാടനം നീളുന്ന വിഴിഞ്ഞം പോർട്ട് യൂസർ ബിൽഡിംഗ്