തിരുവനന്തപുരം: കൊവിഡിന്റെ പിടിവിട്ട കുതിപ്പ് തടയാൻ നഗരത്തിലെ 30 വാർഡുകൾ കണ്ടെയ്മെന്റ് സോണുകളാക്കിയിട്ടും രോഗബാധിതരുടെ എണ്ണത്തിൽ കാര്യമായ മാറ്റമില്ല. ഇന്നലെയും തീരദേശ മേഖലയിലടക്കം 70ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനിടെ പലയിടത്തും പരിശോധന നടക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. നഗരസഭാ കൗൺസിലർമാർക്കും ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചതോടെ മിക്ക വാർഡുകളിലും അണുനശീകരണ പ്രവർത്തനങ്ങൾ നിലച്ചു. രോഗവ്യാപനം കൂടിയ മേഖലകളായ ചാലയിലും കരിമഠത്തും മൂന്നു ദിവസമായിട്ടും പരിശോധന നടത്തിയില്ലെന്ന് വ്യാപാരികൾ പറഞ്ഞു. പരിശോധന കുറയുന്നതോടെ കൃത്യമായ രോഗവ്യാപനതോത് അറിയാൻ സാധിക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഫസ്റ്റ്ലെെൻ ട്രീറ്റ്മെന്റ് സെന്ററിലെ 67 ശതമാനം കിടക്കകളും നിറഞ്ഞതോടെ ഗുരുതരമല്ലാത്ത കൊവിഡ് രോഗികളെ വീടുകളിൽ തന്നെ പാർപ്പിക്കണമെന്ന ആവശ്യവും ശക്തമായി. കൊവിഡ് ബാധിതനായ നഗരസഭയിലെ സി.പി.എം നഗരസഭാ കൗൺസിലറും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ജൂൺ 19ന് ജില്ലയിൽ 44 രോഗികളായപ്പോഴാണ് നഗരസഭാ പരിധിയിൽ ആദ്യമായി കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചത്. പിന്നീട് രോഗികളുടെ എണ്ണവും സോണുകളും വർദ്ധിച്ചു. ആറ്റുകാൽ, പൂന്തുറ, പുത്തൻപള്ളി, മണക്കാട്, പാളയം, മുട്ടത്തറ എന്നിവ നേരത്തെ ഹൈറിസ്‌ക് വാർഡുകളാക്കി. പിന്നീട് സമൂഹവ്യാപനമുണ്ടായ പൂന്തുറ, മാണിക്യവിളാകം ഉൾപ്പെടെയുള്ള തീരദേശമേഖലയിലെ വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണാക്കി. മേഖലയെ മൂന്ന് സോണാക്കി തിരിച്ച് പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു. എന്നിട്ടും തീരദേശ മേഖലയിലെ വ്യാപനം ഫലപ്രദമായി തടയാൻ സാധിച്ചിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചതിൽ ഏറ്റവും കൂടുതൽ പേരും തീരദേശ മേഖലയിൽ നിന്നുള്ളവർക്കാണ്. ഇതോടൊപ്പം അതിർത്തി പ്രദേശത്തും ആശങ്ക വർദ്ധിപ്പിച്ചാണ് രോഗ വ്യാപനം.
കണ്ടെയ്ൻമെന്റ് സോണുകൾ
(വാർഡ് നമ്പർ - വാർഡ്)
1-കഴക്കൂട്ടം, 5- ചെറുവയ്ക്കൽ, 6-ഉള്ളൂർ, 17-പട്ടം, 18-മുട്ടട, 23 - കവടിയാർ 26 - കുന്നുകുഴി, 28 - തൈക്കാട്, 45 - കരമന, 59 -വെങ്ങാനൂർ, 60- മുല്ലൂർ, 61-കോട്ടപുറം , 62-വിഴിഞ്ഞം, 63-ഹാർബർ, 64-വെള്ളാർ, 65-തിരുവല്ലം, 66-പൂന്തുറ , 67-അമ്പലത്തറ, 71-ചാല, 74-പുത്തൻപള്ളി, 75-മാണിക്യവിളാകം 76-ബീമാപള്ളി ഈസ്റ്റ്, 78-മുട്ടത്തറ, 81-തമ്പാനൂർ, 99-പൗണ്ടുകടവ്, 87-വലിയതുറ, 88-വള്ളക്കടവ്, 89-ശംഖുംമുഖം, 90-വെട്ടുകാട്, 100-പള്ളിത്തുറ.
പരിശോധന കൂട്ടാതെ ആരോഗ്യവകുപ്പ്
തീരപ്രദേശങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയിട്ടും ആരോഗ്യവകുപ്പ് പരിശോധന കൂട്ടുന്നില്ലെന്ന് പരാതി. മുൻഗണനാവിഭാഗങ്ങളെ കണ്ടെത്താനാണ് അവരിൽ മാത്രം കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. രോഗവ്യാപനം ശക്തമായ പൂന്തുറ, പുല്ലുവിള, കരുംകുളം എന്നീ പ്രദേശങ്ങളിൽ പരിശോധനകളുടെ എണ്ണം കുറവാണ്. ആരോഗ്യവകുപ്പിന്റെ തന്നെ കഴിഞ്ഞ ദിവസത്തെ സ്രവ ശേഖരണ കണക്കുകൾ പ്രകാരം തിരുവല്ലം, വലിയതുറ, വള്ളക്കടവ് എന്നിവിടങ്ങളിൽ ദിവസം നൂറ് ആന്റിജൻ പരിശോധനകളും മറ്റിടങ്ങളിൽ 50 ആന്റിജൻ പരിശോധനകളുമാണ് നടന്നത്. അടിമലത്തുറയിൽ 38 പരിശോധനകളിൽ 20 പേർക്കും അഞ്ചുതെങ്ങിൽ 53 ൽ 15 പേർക്കും പൂന്തുറയിൽ 71ൽ 24 പേർക്കും പുതുക്കുറിച്ചിയിൽ 50ൽ 13 പേർക്കും കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. പുല്ലുവിളയിൽ 14 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇവിടങ്ങളിൽ ആന്റിജൻ പരിശോധനകളുടെ എണ്ണം ഉയർത്തണമെന്നാണ് ആവശ്യം.