@കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി
@സമ്മാനിക്കുന്നത് പത്ത്ലക്ഷം രൂപ വരെയുള്ള കാർഡുകൾ
തിരുവനന്തപുരം:സർക്കാരിന്റെ വമ്പൻ കൺസൾട്ടൻസി കരാറുകൾ ലഭിക്കാൻ അന്താരാഷ്ട്രകമ്പനികൾ ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയപ്രമുഖരെയും വിദേശത്ത് കുടുംബസമേതം അടിച്ചു പൊളിക്കാൻ പത്ത് ലക്ഷം രൂപയുടെ വരെയുള്ള ഗിഫ്റ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും സമ്മാനിച്ച് വരുതിയിലാക്കുന്നതിനെ പറ്റി കേന്ദ്രരഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.
പണമായി നൽകുന്ന കമ്മിഷനും കൈക്കൂലിയും പഴങ്കഥയായി. ഇപ്പോൾ ഡിജിറ്റൽ കോഴയാണ്. പർച്ചേസിന് ഗിഫ്‌റ്റ്കാർഡുകൾ. പണം പിൻവലിക്കാൻ ക്രെഡിറ്റ്കാർഡുകളും.
സെക്രട്ടേറിയറ്റിലെ ഉന്നതരെത്തേടി കമ്പനികളുടെ കാർഡുകൾ എത്താറുണ്ട്. വിമാനത്താവളങ്ങളിൽ സൗജന്യമായി ഉപയോഗിക്കാം. ഒരിക്കൽ സ്വീകരിക്കുന്നതോടെ ഉദ്യോഗസ്ഥർ കമ്പനിയുടെ അടിമകളാകും. രാഷ്ട്രീയപ്രമുഖരുടെ വിദേശയാത്രകളിലും കമ്പനികൾ ഈ സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ട്.
വിദേശത്തുപോവുന്ന ഉദ്യോഗസ്ഥർക്ക് ദിവസച്ചിലവിന് 60 ഡോളറാണ് സർക്കാർ നൽകുന്നത്. ഇതുകൊണ്ട് പർച്ചേസൊന്നും നടക്കില്ല. കൺസൾട്ടൻസികൾ ഇതാണ് മുതലെടുക്കുന്നത്. ഒരുവർഷത്തെ കാലാവധിയും പത്തുലക്ഷം രൂപ വരെ ക്രെഡിറ്റ് ലിമിറ്റുമുള്ള കാർഡുകളാണ് സമ്മാനം. അന്താരാഷ്ട്ര കൺസൾട്ടൻസി കമ്പനികൾക്കെല്ലാം കരാർ നേടാനുള്ള ജീവനക്കാരുടെ ചിലവിനായി എക്സ്‌പെൻസ് അക്കൗണ്ടും അതിന് ബാങ്ക് കാർഡുകളുമുണ്ട്. ഈ കാർഡുകളും ഉദ്യോഗസ്ഥർക്ക് കമ്പനികൾ സമ്മാനിച്ചിട്ടുണ്ട്.
അഴിമതിക്കേസുകളിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഭാര്യയ്ക്കൊപ്പം ലണ്ടനിൽ വമ്പൻഷോപ്പിംഗ് നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് കൺസൾട്ടൻസികളുടെ സമ്മാനക്കഥ പരസ്യമായത്. കാർഡുപയോഗിച്ച് ലക്ഷങ്ങളുടെ സാധനങ്ങൾ വാങ്ങാം, പണം പിൻവലിക്കുകയും ചെയ്യാം. സ്വന്തം അക്കൗണ്ടിൽ നിന്ന് പണമിടപാട് ഇല്ലാത്തതിനാൽ അന്വേഷണം വന്നാലും കുഴപ്പമില്ല. മടങ്ങിയെത്തിയ ശേഷം കാർഡ് തിരികെനൽകാം. അല്ലെങ്കിൽ നശിപ്പിക്കാം. വിദേശത്ത് നക്ഷത്രഹോട്ടലുകളിലെ താമസം, സഞ്ചാരം, ഭക്ഷണം, സത്കാരം എന്നിവയ്ക്കെല്ലാം ഈ കാർഡുകൾ ഉപയോഗിക്കാം. അടിക്കടി വിദേശയാത്ര നടത്തിയതിന് ആരോപണവിധേയനായ ഉന്നതനും ബഹുരാഷ്ട്ര കമ്പനിയുടെ സമ്മാനകാർഡ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.
വിദേശത്ത് സഹായികളും റെഡി
കാർഡ് സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്ക് വിദേശത്ത് സഹായത്തിന് കൺസൾട്ടൻസികൾ ജീവനക്കാരെ നിയോഗിക്കും. താമസത്തിനും യാത്രകൾക്കും ഷോപ്പിംഗിനും സൗകര്യമൊരുക്കുന്നതും ചെലവു വഹിക്കുന്നതും ഇവരാകും.
എന്തിനും കൺസൾട്ടൻസി
@തിരുവനന്തപുരം-കാസർകോട് സെമി-ഹൈസ്പീഡ് റെയിലിന് കേന്ദ്രാനുമതി ലഭിക്കും മുൻപേ, ഭൂമിയേറ്റെടുക്കാനും പദ്ധതിനടത്തിപ്പിനും കൺസൾട്ടൻസി
@വൈദ്യുതി വാഹനം നിർമ്മിക്കാനുള്ള 4500കോടിയുടെ ഇ-മൊബിലിറ്റി പദ്ധതിക്ക് കരാറൊപ്പിടും മുൻപേ അന്താരാഷ്ട്ര കമ്പനിയെ ടെൻഡറില്ലാതെ കൺസൾട്ടൻസിയാക്കി
@കണ്ണൂർ വിമാനത്താളത്തിന്റെ ലാഭം കൂട്ടാനും നിക്ഷേപകരെ എത്തിക്കാനും 13.89കോടിക്ക് കൺസൾട്ടൻസി.
@മുഖ്യമന്ത്രിയുടെ നെതർലാൻഡ്സ് യാത്രയിൽ സഹായിച്ച കമ്പനികളെ റീ-ബിൽഡ് കേരളയുടെ കൺസൾട്ടൻസി ലിസ്റ്റിലാക്കാൻ ചീഫ്സെക്രട്ടറി ഫയലിലെഴുതി
@ചീഫ്സെക്രട്ടറിയുടെ ഓഫീസിലും സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും കരാർ നിയമനം നടത്തുന്നത് തിരുവനന്തപുരത്തെ മിന്റ് കൺസൾട്ടൻസി.
@ഐ.ടി വകുപ്പിന്റെയും ഐ.ടി ഇൻഫ്രാസ്ട്രക്ചറിന്റെയും പദ്ധതികളിലെല്ലാം ഒരു ബഹുരാഷ്ട്രകമ്പനി കൺസൾട്ടന്റ്.
@ചെറുവള്ളി വിമാനത്താവളത്തിന്റെ ടെക്നോ, ഇക്കണോമിക് പഠനത്തിനായി അമേരിക്കൻ കമ്പനി.
@കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് സെക്രട്ടേറിയറ്റിൽ ഓഫീസ് തുറക്കാൻ ഗതാഗതസെക്രട്ടറി ശ്രമിച്ചു. നാല് ജീവനക്കാർക്ക് ശമ്പളം 12.43 ലക്ഷം.
@ഇലക്ട്രിക് വാഹന പദ്ധതിക്കായെത്തിയ സ്വിസ് കമ്പനി രണ്ട് ഐ.എ.എസുകാർക്ക് ഇലക്ട്രിക് കാറുകൾ സമ്മാനിച്ചു.