പന്തളം: നിക്ഷേപകരുടെ വ്യാജ ഒപ്പിട്ട് പണം കവർന്ന പോസ്റ്റൽ അസിസ്റ്റന്റ് തുമ്പമൺ താഴം തുണ്ടിയിൽ വീട്ടിൽ സിന്ധു കെ. നായർ (44) അറസ്റ്റിലായി. 2016 - 18 ൽ കുളനട പോസ്റ്റോഫീസിലാണ് ക്രമക്കേട് നടത്തിയത്. ഡിപ്പാർട്ട്‌മെന്റ് തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുറ്റകൃത്യം കണ്ടെത്തിയത്. പന്തളം പൊലീസ് ഇന്നലെ രാവിലെ 11.30ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഉളനാട് പാല വിളയിൽ ജിൻസി, കുളനട എരിത്തിക്കാവിൽ സൂസമ്മാ ജോയി എന്നിവരുടെ ആർ.ഡി അക്കൗണ്ടിൽ നിന്ന് യഥാക്രമം 9000, 16,000 രൂപ വീതം വ്യാജ ഒപ്പിട്ട് തട്ടിയെടുത്തിരുന്നു. ഉളനാട് പടിക്കൽ റെജിൻ വില്ലായിൽ ഷെറിൻ റെജിയുടെ കിസാൻ വികാസ് പത്രയിൽ നിക്ഷേപിച്ചിരുന്ന മൂന്ന് ലക്ഷം രൂപ വ്യാജ പാസ് ബുക്ക് ഉപയോഗിച്ച് തട്ടിയെടുത്തതും പരാതിക്ക് ഇടയാക്കി. 2020 ജൂണിൽ സിന്ധുവിനെ സസ്‌പെന്റ് ചെയ്തിരുന്നു.
1988 ആർ.ഡി ഏജന്റ് ഉളനാട് കൊല്ലിരേത്ത് മണ്ണിൽ അമ്പിളി ജി.നായർ 40 നിക്ഷേപകരിൽ നിന്ന് വ്യാജ ഒപ്പിട്ട് ലക്ഷക്കണക്കിന് രൂപ തട്ടിയെന്ന് പരാതി ഉയരുകയും പിന്നീട് ഇവർ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്തിരുന്നു. ഇൗ സംഭവത്തെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് സിന്ധു കെ.നായർ പിടിയിലാവുന്നത്. ഇവരെ അടൂർ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ, ഡിവൈ.എസ്.പി ആർ.ബിനു, പന്തളം സി.ഐ എസ്.ശ്രീകുമാർ, എസ്.ഐ ആർ.ശ്രീകുമാർ, സിവിൽ പൊലിസ് ഓഫീസർ മഞ്ജു എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.