തിരുവനന്തപുരം: ഇടവ മുതൽ പെരുമാതുറ വരെയുള്ള ഒന്നാം തീരദേശ സോണിൽ കൊവിഡ് പരിശോധന ഊർജിതമാക്കുന്നതിന്റെ ഭാഗമായി മൊബൈൽ പരിശോധനായൂണിറ്റുകൾ സജ്ജമാക്കുന്നു. ഇൻസിഡന്റ് കമാൻഡർമാരായ യു.വി. ജോസ്, എസ്. ഹരികിഷോർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിലുള്ള പത്ത് ആംബുലൻസുകളിൽ മൂന്നെണ്ണം മൊബൈൽ യൂണിറ്റിനായി ഉപയോഗിക്കും. പഞ്ചായത്ത് സെക്രട്ടറിമാർക്കാണ് യൂണിറ്റുകളുടെ ഏകോപന ചുമതല. രോഗസാദ്ധ്യത കൂടുതലുള്ള വിഭാഗത്തെ പ്രഥമ പരിഗണന നൽകി പരിശോധന നടത്തും. രോഗലക്ഷണം ഉള്ളവരെയും പ്രൈമറി കോണ്ടാക്ടുകളെയും ക്വാറന്റെെനിലുള്ളവരെയും പരിശോധിക്കും. ടെസ്റ്റിംഗ് സെന്ററിൽ സ്റ്റാഫ് നഴ്സ്, ലാബ് ടെക്‌നീഷ്യൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ഡ്രൈവർ, അറ്റൻഡർ എന്നിവരുണ്ടാകും. സ്രവം എടുക്കുന്നതിന് സ്റ്റാഫ് നഴ്സുമാരെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.