തിരുവനന്തപുരം: കടലാക്രമണത്തിൽ തകർന്ന ശംഖുംമുഖം റോഡ് സംരക്ഷിക്കുന്നതിന് മിലിട്ടറി എൻജിനിയറിംഗ് സർവീസിന്റെ സഹായം തേടണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം റോഡ് പൂർണമായി തകരുകയും വിമാനത്താവളത്തിലേയ്ക്കടക്കമുള്ള വാഹന ഗതാഗതം സ്‌തംഭിക്കുകയും ചെയ്യും. 2018 മേയിലാണ് കടലാക്രമണത്തിൽ റോഡിന്റെ പകുതി ഭാഗം തകർന്നത്. നിരവധി തവണ നിയമസഭയിൽ ഇക്കാര്യം ഉന്നയിക്കുകയും സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു. സർക്കാർ അലംഭാവമാണ് റോഡ് പൂർണമായും തകരുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തികരിച്ച് സംരക്ഷണഭിത്തിയും റോഡ് നിർമ്മാണവും എത്രയും വേഗം ആരംഭിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. കൊച്ചുതോപ്പ് മുതൽ ശംഖുംമുഖം വരെയുള്ള ഭാഗത്ത് കടൽഭിത്തി നിർമിക്കുന്നതിന് 6 കോടി രൂപ അനുവദിക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെട്ടെന്നും എം.എൽ.എ അറിയിച്ചു.