തിരുവനന്തപുരം: തലസ്ഥാനനഗരത്തിലെ ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടിയേക്കും. നിലവിലെ ലോക്ക്ഡൗൺ നാളെ അവസാനിക്കും. കടകൾക്ക് കൂടുതൽ ഇളവ് നൽകുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ രാവിലെ 7 മുതൽ 12 വരെയും വൈകിട്ട് 4 മുതൽ 6 വരെയുമാണ് കടകൾക്ക് അനുമതി. അവശ്യസാധനങ്ങളൊഴികെയുള്ള കടകൾക്ക് അനുമതിയുമില്ല. ഇക്കാര്യത്തിൽ ഇളവ് വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കൂടുതൽ സമയം വില്പനയ്ക്കും സ്റ്റോക്കുകൾ സ്വീകരിക്കാനും അനുവദിക്കുമെന്ന ആവശ്യം ഉന്നയിച്ച് വ്യാപരികൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ നഗരത്തിലെ സമ്പർക്കരോഗികളുടെ തോത് കുറയാത്തത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. രോഗ വ്യാപനം തടയാനായി പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ വന്നിട്ടും ഇക്കാര്യത്തിൽ കുറവില്ലാത്തത് സർക്കാരിനെ വലയ്ക്കുന്നുണ്ട്. പൂർണ തോതിൽ ടെസ്റ്റിംഗ് നടക്കാത്തതും രോഗവ്യാപനത്തിന് കാരണമാകുന്നുണ്ടെന്ന് പരാതിയുണ്ട്. ഇൗ സാഹചര്യത്തിൽ ഇളവ് കൂടുതൽ മേഖലകളിലേക്ക് നൽകിയേക്കില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.