england-cricket

മാഞ്ചസ്റ്റർ : വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തേയും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസം ഇംഗ്ളണ്ട് വൻ ലീഡിലേക്കെത്തി ഡിക്ളയർ ചെയ്തു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ വിൻഡീസിന് 10 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. വി​ൻഡീസി​ന് ജയി​ക്കാൻ ഇനി​ 389 റൺസാണ് വേണ്ടത്.

ഇന്നലെ രാവിലെ വിൻഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 197 റൺസിൽ അവസാനിപ്പിച്ച ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സിനിറങ്ങി രണ്ട് വിക്കറ്റ് നഷ്ടത്തി​ൽ 226 റൺസി​ലെത്തി​ ഡി​ക്ളയർ ചെയ്യുകയായി​രുന്നു. ആദ്യ ഇന്നിംഗ്സിൽ 369 റൺസാണ് ഇംഗ്ളണ്ട് നേടിയിരുന്നത്.

ഇന്നലെ 137/6 എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനിറങ്ങിയ വിൻഡീസിന് 60 റൺസ് കൂടി നേടുന്നതിനിടെ ശേഷിച്ച നാലുവിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. തലേന്ന് ക്രീസിലുണ്ടായിരുന്ന നായകൻ ജാസൺ ഹോൾഡറും ഷേൻ (26) ഡോവ്‌റിച്ചും (37) ചേർന്ന് ഏഴാം വിക്കറ്റിൽ ചെറുത്തുനിന്നെങ്കിലും രാവിലത്തെ 11-ാം ഒാവറിൽ ഹോൾഡറെ ബ്രോഡ് എൽ.ബിയിൽ കുരുക്കിയതോടെ കളി മാറി. 82 പന്തിൽ ആറ് ബൗണ്ടറികൾ പായിച്ച ഹോൾഡർ ഡോവ്റിച്ചിനൊപ്പം 68 റൺസും കൂട്ടിച്ചേർത്തു.

തുടർന്ന് റഖീം കോൺവാൾ (10), കെമർ റോഷ് (0) എന്നിവരെ പുറത്താക്കിയ ബ്രോഡ് ടീം സ്കോർ 197 ൽ വച്ച് ഡോവ് റിച്ചിനെയും മടക്കി അയച്ച് മത്സരത്തിൽ ആറ് വിക്കറ്റുകൾ തികച്ചു. 14 ഒാവറുകൾ ബൗൾ ചെയ്ത ബ്രോഡ് 31 റൺസ് വഴങ്ങിയാണ് ആറുപേരെ പുറത്താക്കിയത്. രണ്ടാംദിനം ക്രെയ്ഗ് ബ്രാത്ത് വെയ്റ്റ് (1), റോസ്ട്ടൺ ചേസ് (9) എന്നിവരെ പുറത്താക്കിയ ബ്രോഡ് ഇന്നലെ രാവിലെ വീണ എല്ലാ വിൻഡീസ് വിക്കറ്റുകളുടെയും അവകാശിയായി.

172 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡു നേടിയ ഇംഗ്ളണ്ടിനായി ഒാപ്പണിംഗിനിറങ്ങിയ റോറി ബേൺസും (90), സിബിലിയും (56) മികച്ച തുടക്കം നൽകുകയായിരുന്നു.നായകൻ ജോ റൂട്ടും (62*) അർദ്ധസെഞ്ച്വറി​ നേടി​.

രണ്ടാം ഇന്നിംഗ്സി​നി​റങ്ങി​യ വി​ൻഡീസി​ന് ക്യാംപ്ബെല്ലി​നെയും (0) കെമർ റോഷി​നെയുമാണ് (4) നഷ്ടമായത്.ഇരുവരെയും ബ്രോഡാണ് മടക്കി​ അയച്ചത്.