തിരുവനന്തപുരം: ഇരുപത് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്ഷൻ നൽകാൻ ലക്ഷ്യമിടുന്ന കെഫോൺ പദ്ധതിയിലും, ഐ ടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ വഴിവിട്ട ഇടപെടൽ. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന് (ബെൽ) കരാർ നൽകിയത് ടെൻഡറിലേതിനെക്കാൾ 49 ശതമാനം കൂടിയ തുകയ്ക്ക്.
1028 കോടി രൂപയ്ക്ക് ടെൻഡർ വിളിച്ച പദ്ധതിക്ക് 1531കോടിക്കാണ് കരാർ നൽകിയത്. മന്ത്രിസഭാ തീരുമാനത്തിന് കാത്തു നിൽക്കാതെ, കരാർ നടപടിയുമായി മുന്നോട്ട് പോകാൻ ഐ.ടി ഇൻഫ്രാസ്ട്രക്ചറിന് ശിവശങ്കർ നിർദേശം നൽകി. സ്വർണക്കടത്ത് പ്രതിയായ സ്വപ്നാസുരേഷ് നിയമനം നേടിയ സ്ഥാപനമാണിത്. മൂന്ന് കൺേസാർഷ്യങ്ങളാണ് ടെൻഡറിൽ പങ്കെടുത്തത്. 1729, 2853 കോടി വീതമാണ് മറ്റ് രണ്ടും ക്വോട്ട് ചെയ്തത്. 1548 കോടി ക്വോട്ട് ചെയ്ത ബെൽ കൺസോർഷ്യത്തിന് കരാർ നൽകാമെന്ന് കാട്ടി ഐ.ടി സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ഐടി ഇൻഫ്രാസ്ട്രക്ചറിന് കുറിപ്പ് നൽകി. ചെലവ് കണക്കാക്കിയത് 2016ലാണെന്നും, ദീർഘകാലാടിസ്ഥാനത്തിൽ സർക്കാരിന് 89 കോടി ലാഭിക്കാനാകുമെന്നും കുറിപ്പിലുണ്ട്.
അഞ്ച് മാസത്തിനു ശേഷമാണ് മന്ത്രിസഭ ഇതംഗീകരിച്ചത്. ഏഴു വർഷത്തെ പ്രവർത്തനച്ചെലവും കണക്കാക്കിയതാണ് കരാർ തുക ഉയരാൻ കാരണമെന്നു വാദിച്ചാലും ,ടെൻഡർ വിളിച്ചപ്പോൾ ഇതു മറച്ചുവച്ചതിൽ ദുരൂഹതയുണ്ട്. പ്രവാസി വ്യവസായി പി.എൻ.സി. മേനോന്റെ കമ്പനിയും ടെൻഡറിനുണ്ടായിരുന്നു.
കെ-ഫോൺ പദ്ധതി
ശക്തമായ ഒ്റ്റപിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ച് വീടുകളിലും ഓഫിസുകളിലും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകുന്ന പദ്ധതി കെ.എസ്.ഇ.ബിയും ഐ.ടി ഇൻഫ്റാസ്‌ട്രക്ചർ ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമാണ് .
എല്ലാവർക്കും ഇന്റർനെറ്റെന്ന ലക്ഷ്യം നേടുന്നതിനുള്ള. പദ്ധതിയുടെ മൊത്തം ചെലവ് 1548 കോടി . 2020 ഡിസംബറോടെ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. കേബിൾ ടിവി ഓപ്പറേറ്റർമാർക്കും കെഫോണുമായി സഹകരിക്കാൻ അവസരമുണ്ടാകും. പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നിയന്ത്റണത്തിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യ അവസരം നൽകുന്ന ഒപ്ടിക്കൽ ഫൈബർ നെറ്റ്വർക്ക് നിലവിൽ വരും. മുപ്പതിനായിരത്തിലധികം സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിവേഗ നെറ്റ് കണക്ഷൻ നൽകുന്നതും ലക്ഷ്യമാണ്.