covid-test

തിരുവനന്തപുരം: ആന്റിജൻ ടെസ്റ്റിൽ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്ന ഏഴ് നഗരസഭാ കൗൺസിലർമാരുടെയും പുതിയ പരിശോധനാഫലം നെഗറ്റീവായി. ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സ്രവ പരിശോധനയിലാണിത്. ഇക്കാര്യം ജില്ലാ മെഡിക്കൽ ഓഫീസർ രേഖാമൂലം അറിയിച്ചതായി മേയർ കെ. ശ്രീകുമാർ അറിയിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു (വഞ്ചിയൂർ ), വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സുദർശനൻ (ചെല്ലമംഗലം), അലത്തറ അനിൽകുമാർ ( ചെറുവയ്ക്കൽ ), ഗീതാഗോപാൽ (മുട്ടട ), രമ്യ രമേശ് (പട്ടം ), റാണി വിക്രമൻ ( വാഴോട്ടുകോണം ), ജയലക്ഷ്‌മി (തമ്പാനൂർ) എന്നിവരാണ് ഫലമാണ് നെഗറ്റീവ് ആയത്. കൗൺസിലർമാർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സമ്പർക്കം പുലർത്തിയിരുന്ന ജീവനക്കാരും ബന്ധുക്കളും പാർട്ടി പ്രവർത്തകരും ആശങ്കയിലായിരുന്നു. രോഗം സ്ഥിരീകരിച്ച ആർക്കും രോഗലക്ഷണം പ്രകടമാകാത്തതിനെ തുടർന്ന് കൗൺസിലർമാരുടെ ആവശ്യപ്രകാരമാണ് സ്രവം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചത്. കൗൺസിലർമാരുമായി നേരിട്ട് ഇടപഴകിയ നൂറിലധികം പേരുടെ സ്രവപരിശോധന നടത്തിയെങ്കിലും ആരും പോസിറ്റിവല്ല. മേയറും മറ്റു കൗൺസിലർമാരും പരിശോധന നടത്തിയിരുന്നു. നിലവിൽ ക്വറന്റൈനിലുള്ള കൗൺസിലർമാർക്ക് എന്ന് പുറത്തിറങ്ങാൻ കഴിയുമെന്നത് ആരോഗ്യവകുപ്പ് തീരുമാനിക്കും.