peg

പാറശാല: സർക്കാർ മദ്യ വില്പനശാലകൾക്ക് മുമ്പിൽ തട്ടിപ്പ് വീരന്മാർ സജീവമാവുന്നു. ആപ്പ് വഴി മുൻകൂർ ബുക്ക് ചെയ്ത് ഔട്ട് ലറ്റിനു മുമ്പിൽ നിൽക്കുന്ന തട്ടിപ്പ് വീരന്മാർ ആപ്പിൽ ബുക്ക് ചെയ്യാതെ മദ്യം വാങ്ങാൻ എത്തുന്ന സാധാരണക്കാരിൽ നിന്നും മദ്യം വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടുന്നതായാണ് ആരോപണം. പണം വാങ്ങിയ ശേഷം ക്യൂവിൽ നിന്ന് മുങ്ങുകയോ മദ്യം വാങ്ങിയശേഷം വാഹനവുമായി കടന്നുകളയുകയോ ചെയ്യുകയാണ് പതിവ്. നെയ്യാറ്റിൻകരയിലും ബാലരാമപുരത്തുമായി കഴിഞ്ഞ രണ്ട് ദിവസമായി നിരവധിപേരിൽ നിന്നായി 100 മുതൽ 500 രൂപ വരെ തട്ടിയെടുത്തിട്ടുണ്ട്. പണം വാങ്ങി മുങ്ങിയവരെ നോക്കി നിന്നാൽ പൊലീസിന്റെ കൈയ്യിൽ നിന്നും മറ്റു പണികൾ കിട്ടുമെന്നതിനാൽ പണം നഷ്ടപ്പെടുന്നവർ പരാതിക്കും മുതിരാറില്ല.

ഔട്ട്ലറ്റിലും തട്ടിപ്പ്

ആപ്പിലാതെ വരുന്നവർക്ക് പല സർക്കാർ ഔട്ട് ലറ്റുകളിലും ബില്ലില്ലാതെ മദ്യം ലഭിക്കുന്നുണ്ട്. എന്നാൽ ഉപഭോക്താക്കൾ ചോദിക്കുന്ന കമ്പനിയുടെ മദ്യം നൽകാറില്ല. മാത്രമല്ല, കുപ്പികളിൽ കണുന്നതിന്നെക്കാൾ 30% കൂടുതൽ തുക കൊടുക്കുകയും വേണമത്രേ. ഈ സംഭവങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് അറിയാമെങ്കിലും മൗനം പാലിക്കുകയാണ്.

ചില്ലറ വില്പന

ലോക് ഡൗൺ കാലത്തെ പുതിയ ആപ്പ് നിലവിൽ വന്നതോടെ സ്വകാര്യ ബാർ ഉടമകൾക്ക് മാത്രമല്ല സർക്കാർ മദ്യ വില്പനശാലയിലെ ജീവനക്കാർക്ക് കൈയ്യ്ത്തു കാലമാണിപ്പോൾ. മദ്യ ഷോപ്പുകൾക്ക് മുമ്പിൽ ചില്ലറ വില്പനക്കാരുടെ കൂട്ടായ്മ തന്നെ രൂപപ്പെട്ടു കഴിഞ്ഞു. ആപ്പിലൂടെ മൂന്ന് ലിറ്റർ വരെ മദ്യം ലഭിക്കുന്നതിനാൽ കുറഞ്ഞ തുകകൾക്കുള്ള മദ്യം വാങ്ങി ആപ്പില്ലാതെ മദ്യം വാങ്ങാനായി എത്തുന്നവർക്ക് നൂറ് മുതൽ മൂന്നൂറ് രൂപ വരെ ലാഭം ഈടാക്കി കൈമാറും. ഇതിലെക്കായി ഒരോ ഔട്ട് ലറ്റിന്റെയും മുമ്പിൽ നിരവധി സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. സംഘം നിരവധി ഫോണുകളിലുടെ കൂടുതൽ മദ്യം ബുക്ക് ചെയ്താണ് മദ്യം വാങ്ങി മറിച്ചുവിൽക്കുന്നത്.