കല്ലമ്പലം: പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീകളോട് എസ്.ഐ അസഭ്യം പറഞ്ഞതായി പരാതി. എന്നാൽ, പരാതി അടിസ്ഥാന രഹിതമാണെന്ന് കല്ലമ്പലം സി.ഐ ഫറോസ് പറഞ്ഞു. വസ്തു തർക്കവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ മൂങ്ങോട് മങ്ങാട്ടുമൂല ഇന്ദിരാനിവാസിൽ ശ്രീകനിയും ശ്രീനിധിയുമാണ് എസ്.ഐ അസഭ്യം പറഞ്ഞതായും ധിക്കാരപരമായി പെരുമാറിയതായും കാണിച്ച് ഉന്നതാധികാരികൾക്ക് പരാതി നൽകിയത്. എന്നാൽ എസ്.ഐ ഇത് നിഷേധിച്ചു. വസ്തു സംബന്ധമായി ഇവർക്കെതിരെ ഒരു സ്ത്രീ പരാതി നൽകിയിരുന്നുവെന്നും അത് മനസ്സിലാക്കി അവർക്കെതിരെ ഇവരും പരാതിയുമായി സ്റ്റേഷനിലെത്തിയതാണെന്നും പൊലീസ് സ്റ്റേഷനിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ഇവർ പൊലീസിനോട് കയർക്കുകയും ആജ്ഞാപിക്കുകയുമായിരുന്നുവെന്നും സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് ഇത് മനസ്സിലാക്കാവുന്നതെയുള്ളൂവെന്നും ഇരുവരുടെയും പരാതി സ്വീകരിച്ചതായും അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.