വർഷത്തിലെ പന്ത്രണ്ടുമാസങ്ങളിൽ കർക്കടകം മാത്രം എന്തുകൊണ്ട് ആയുർവേദത്തിന് പ്രിയപ്പെട്ടതാകുന്നു?കർക്കടകം ആയുർവേദത്തി ആഷാഢമാസമാണ്. ആഷാഢമാസത്തിന്റെ പ്രത്യേകതകളും ചികിത്സാപ്രാധാന്യവും ആയുർവേദത്തിൽ പ്രതിപാദിക്കുന്നു. കർക്കിടകത്തിന്റെ അതേകാലത്താണ് ആഷാഢവും. അങ്ങനെയാണ് കർക്കിടകമാസം ആയുർവേദത്തിൽ കടന്നുകൂടിയത്.
ചിങ്ങം മുതൽ ആരംഭിക്കുന്ന മലയാളമാസത്തിൽ കർക്കടകമാസത്തെ ദേഹരക്ഷയ്ക്കായി തിരഞ്ഞെടുക്കാൻ നിരവധി കാരണങ്ങളുണ്ട്. കാർഷികവൃത്തിയെ മാത്രം ആശ്രയിച്ചുജീവിച്ചിരുന്ന മലയാളിക്ക് കർക്കടകം ‘പഞ്ഞമാസ’മായിരുന്നു. കൃഷിയില്ലാത്ത കാലം. കർഷകരെല്ലാം പൂർണ വിശ്രമത്തിലായിരിക്കും. ഈ വിശ്രമകാലത്തെ ഫലപ്രദമായി ആരോഗ്യസംരക്ഷണകാലമായി ഉപയോഗപ്പെടുത്താൻ സമ്പന്നർക്കും ദരിദ്രർക്കും ഒരുപോലെ കഴിഞ്ഞിരുന്നു.
തണുപ്പുള്ള അന്തരീക്ഷമായതിനാലാണ് കർക്കകത്തെ ചികിത്സാമാസമായി കരുതാൻ കാരണം. സമശീതോഷ്ണകാലാവസ്ഥയാണിത്.ചൂടു കുറയുകയും മഴ തുടങ്ങുകയും ചെയ്യുന്ന സമയം. ഋതുഭേദങ്ങൾക്കനുസരിച്ച് ജീവിതശൈലിയിലും ആഹാരക്രമത്തിലും മാറ്റംവരുത്തണമെന്നാണ് ആയുർവേദം പറയുന്നത്. ഋതുഭേദങ്ങളിൽ നമ്മുടെ ശാരീരികവും മാനസികവുമായ അവസ്ഥയിൽ മാറ്റമുണ്ടാകും.
ആയുർവേദത്തിൽ കാലാവസ്ഥയും ആരോഗ്യവും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. കാലാവസ്ഥയിലുള്ള ചെറിയൊരു മാറ്റംപോലും ശരീരത്തെ ബാധിക്കും. ഋതുഭേദങ്ങൾ ആറെണ്ണമുണ്ടെങ്കിലും ചൂട്, തണുപ്പ്, മഞ്ഞുകാലം എന്നിങ്ങനെ മൂന്നുകാലങ്ങളായി തിരിച്ചാണ് ആയുർവേദചികിത്സ. എല്ലാ രോഗങ്ങളും ഒരേസമയം കടന്നുവരുന്നില്ല. ഓരോന്നിനും ഓരോ സമയമുണ്ട്. വാതം, പിത്തം, കഫം ഇവയെ ആശ്രയിച്ചാണ് രോഗങ്ങൾ ഉണ്ടാകുന്നത്.
മനുഷ്യശരീരത്തിൽ രോഗം വരുന്നതിന് ചില ഘട്ടങ്ങളുണ്ട്. ഛയം, പ്രകോപം, പ്രസരം, സ്ഥാനസംശ്രയം എന്നിവയാണവ. രോഗം ഉറങ്ങിക്കിടക്കുന്ന അവസ്ഥയാണ് ഛയാവസ്ഥ. ഉറങ്ങിക്കിടക്കുന്ന ഈ രോഗത്തിനുവേണ്ടിയാവണം ചികിത്സ. രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിലും ഭേദം രോഗം വരാതിരിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നത് ഓർക്കണം. കർക്കടകചികിത്സയിൽ ചെയ്യുന്നതും ഇതുതന്നെയാണ്. കർക്കടകമാസത്തിൽ ഏറ്റവും ആവശ്യം വദ്ധിച്ചുനില്ക്കുന്ന വാതദോഷത്തെ ക്രമീകരിക്കുകയാണ്. ആയുർവേദചികിത്സയിൽ ചെയ്യുന്നതും ഇതുതന്നെയാണ്.