
രാമായണവുമായി ബന്ധപ്പെട്ട് എല്ലാവരും പ്രയോഗിക്കുന്ന ഒരു വാക്കാണ് 'ലക്ഷ്മണ രേഖ." പകർച്ചവ്യാധിയുടെ തുടക്കത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞതും ജനങ്ങൾ ലക്ഷ്മണ രേഖ മറികടക്കരുത് എന്നായിരുന്നു.
തുഞ്ചത്തെഴുച്ഛന്റെ അദ്ധ്യാത്മ രാമായണത്തിൽ ഇങ്ങനെ ഒരു രേഖ ഇല്ല. വാൽമീകി രാമായണത്തിലും ലക്ഷ്മണരേഖയെക്കുറിച്ച് പറയുന്നില്ല.
പിന്നെ എവിടുന്ന് വന്നു ഈ രേഖ?
ഇപ്പോൾ എന്ത് സംശയം വന്നാലും എന്തിന്, വീട്ടിൽ മറന്നുവച്ച താക്കോൽ കാണുന്നില്ലെങ്കിൽ പോലും ഇന്റർനെറ്റിൽ അടിച്ച് നോക്കുന്നതാണല്ലോ നാട്ടുനടപ്പ്.
അങ്ങനെ അടിച്ച് നോക്കി.
തമിഴിലെ കമ്പരാമായണത്തിലും തുളസീദാസ് രാമായണത്തിലും ലക്ഷ്മണ രേഖയെക്കുറിച്ച് പ്രതിപാദ്യമില്ലെന്ന് ഇന്റർനെറ്റ് സാക്ഷ്യപ്പെടുത്തുന്നു. അതേസമയം തെലുങ്കിലും ബംഗാളിലും ഉള്ള രാമായണങ്ങളിൽ ലക്ഷ്മണരേഖയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ലൈൻ ഒഫ് ആക്ച്വൽ കൺട്രോൾ എന്ന് ആധുനിക ഭാഷയിൽ അതിനെ വിശേഷിപ്പിക്കാമെങ്കിലും അത് ലംഘിക്കുന്നതിലാണല്ലോ മനുഷ്യന്റെയും രാജ്യങ്ങളുടെയും ത്രിൽ.
സീത ലക്ഷ്മണരേഖ ലംഘിച്ചതിനോടൊപ്പം തന്നെ മറ്റൊരു ലംഘനവും അവിടെ നടന്നു. ആദ്യമായി ശ്രീരാമന്റെ വാക്ക് ലക്ഷ്മണൻ ലംഘിച്ചതായിരുന്നു അത്. സ്വർണമാനിന്റെ രൂപത്തിൽ വന്ന മാരീചനെ പിടിക്കാനായി പോകും മുമ്പ് ശ്രീരാമൻ ലക്ഷ്മണനോട് ഇങ്ങനെ പറഞ്ഞു:
''സീതയ്ക്ക് യാതൊരു ഉൾഭയവും തോന്നാത്തവണ്ണം കാത്തുകൊള്ളണം. സീതയെ തനിച്ചാക്കരുത്. മുഴുവനും രാക്ഷസന്മാർ വിഹരിക്കുന്ന കാനനമാണിത്."
സീതയുടെ കൊള്ളിവാക്കുകൾ കേട്ട് സഹിക്കാൻ വയ്യാതായപ്പോൾ രാമന്റെ ഈ വാക്കുകൾ ലംഘിച്ചാണ് ലക്ഷ്മണൻ ആശ്രമ പരിസരം വിട്ട് ജ്യേഷ്ഠനെ തെരയാനായി പോയത്.
മാരീച നിഗ്രഹം കഴിഞ്ഞ് തിരികെ വരുന്ന വഴി ലക്ഷ്മണനെ കണ്ടപ്പോൾ രാമൻ ആദ്യം ചോദിച്ചതും 'നീ എന്റെ വാക്കുകൾ ലംഘിച്ച് സീതയെ തനിച്ചാക്കി പോന്നില്ലേ എന്നാണ്. ലക്ഷ്മണൻ താൻ പോന്നതിന്റെ സാഹചര്യം വിവരിച്ചെങ്കിലും കാരണം എന്തായാലും നീ വരാൻ പാടില്ലായിരുന്നു എന്നാണ് രാമൻ പറഞ്ഞത്. വനത്തിൽ വച്ച് രാക്ഷസൻ സ്വന്തം ഭാര്യയെ തട്ടിക്കൊണ്ട് പോകുന്നത് തടയാൻ പോലും കഴിയാത്ത ഒരാളാണ് രാമൻ എന്ന് നാളെ നാട്ടുകാർ പറയില്ലേ എന്നും രാമൻ ചോദിച്ചു.
ഭരണവംശത്തിൽ പിറന്നവരെല്ലാം ഏതൊരു കാര്യത്തിലും നാട്ടുകാർ എന്തുപറയും എന്നതിന് വലിയ പ്രാധാന്യം നൽകേണ്ടതുണ്ട് എന്ന തത്വമല്ലേ നാം ഇതിൽ നിന്ന് മനസിലാക്കേണ്ടത്. നാട്ടുകാർ സാഹചര്യവും കാരണവുമൊന്നും നോക്കാതെ ഉള്ളതും ഇല്ലാത്തതും പറയും. പക്ഷേ അതിനുള്ള സാഹചര്യം ഭരണാധികാരിയും കൂടെ നിൽക്കുന്നവരും സൃഷ്ടിക്കരുത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കാമിനി കനകം കടത്തിയതിലൂടെ ഉണ്ടായ പേരുദോഷം അദ്ദേഹത്തിന്റെ ഓഫീസിനും ഉണ്ടാകും. അതിന് നാട്ടുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നാട്ടുകാർ അങ്ങനെ പറയുന്നത് നെടുമുടി വേണുവിന്റെ കഥാപാത്രം പറയുന്നതു പോലെ തികച്ചും 'സാഭാവികം."
ലക്ഷ്മണ രേഖ ആരൊക്കെ ലംഘിച്ചു എന്ന് മാത്രം ഇനി കണ്ടുപിടിച്ചാൽ മതി. ഇനി അതല്ല, അന്വേഷണം തീരുമ്പോൾ എല്ലാം ശങ്കരാടിയുടെ കൈയിലെ രേഖ പോലെ കലാശിക്കുമോ എന്ന് നാട്ടുകാരിൽ ചിലരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനും പറ്റില്ല.