ലോകത്ത് എവിടെയെങ്കിലും സ്വർണം വെറുതേ കിട്ടുമോ..? കേരളത്തിലേക്ക് സ്വർണമൊഴുക്കുന്ന യു.എ.ഇയിൽ ഒരു കിലോ സ്വർണത്തിന് നികുതിയടക്കം 27ലക്ഷം രൂപയാവും. നാട്ടിലെത്തിച്ചാൽ 32ലക്ഷത്തിന് വിൽക്കാം. ആഭരണങ്ങളാക്കിയാൽ കിലോയ്ക്ക് രണ്ടുലക്ഷം കൂടി കിട്ടും. കസ്റ്റംസ് പിടിച്ചാൽ ഇതെല്ലാം പോക്കാണ്. സ്വർണവിലയുടെ 12.5ശതമാനമാണ് ഡ്യൂട്ടി. പുറമെ മൂന്ന് ശതമാനം ജി.എസ്.ടി. ഒരുകിലോ സ്വർണം പിടികൂടിയാൽ നാലരലക്ഷം രൂപ നികുതിയടയ്ക്കണം. സ്വർണം കൊണ്ടുവരുന്നവർക്ക് വിമാനടിക്കറ്റ്, ഗൾഫിൽ അടിച്ചുപൊളിക്കാനുള്ള ചെലവ്, കിലോയ്ക്ക് അരലക്ഷം കടത്തുകൂലി.
ഇതിനെല്ലാം പുറമെയാണ് ഉന്നത ഉദ്യോഗസ്ഥർക്കു വരെ ലക്ഷങ്ങളുടെ കോഴ. യു.എ.ഇ കോൺസുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും 1500ഡോളർ (1.12ലക്ഷം രൂപ) നൽകിയെന്നാണ് സ്വപ്നയുടെ മൊഴി. എത്ര കോഴ നൽകിയാലും അഞ്ചുതവണ കടത്തുമ്പോൾ ഒരുതവണ കസ്റ്റംസിന്റെ പിടിയിലാവുകയും ചെയ്യും. ഒരുകോടിക്ക് മുകളിലുള്ള കള്ളക്കടത്ത് പിടിച്ചാൽ കൊഫെപോസ പ്രകാരം അകത്താവും. ഒരു വർഷം കരുതൽ തടങ്കലിൽ കഴിയണം. സ്വത്ത് കണ്ടുകെട്ടാം. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാം.
ഇങ്ങനെ നോക്കുമ്പോൾ, വൻ റിസ്ക്കെടുത്ത് സ്വർണം കടത്തുന്നവർക്ക് കാര്യമായ മെച്ചമില്ല. അവിടെയാണ്, ഭീകരസംഘടനകളുടെ റോൾ എൻ.ഐ.എ സംശയിക്കുന്നത്. അയൽരാജ്യത്തെ സുരക്ഷാപ്രസിൽ അച്ചടിക്കുന്ന ഒറിജിനലിനെ വെല്ലുന്ന വ്യാജ വിദേശകറൻസിയിലാണ് സ്വർണം വാങ്ങിക്കൂട്ടുന്നതെന്നാണ് നിഗമനം. സ്വർണഖനനം നടത്തുന്ന ദക്ഷിണാഫ്രിക്ക, കോംഗോ, സൊമാലിയ, സുഡാൻ, ഘാന, ടാൻസാനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ശുദ്ധീകരിക്കാത്ത സ്വർണം യു.എ.ഇയിലെത്തിച്ച് ശുദ്ധീകരിച്ച ശേഷമാണ് കേരളത്തിലേക്കുള്ള കടത്ത്. കുഴലിനുള്ളിലോ പാത്രങ്ങളാക്കിയോ മോട്ടോറുകൾക്കുള്ളിൽ ഘടിപ്പിച്ചോ ഓവനുകളിലെ കോയിൽ ആക്കിയോ എങ്ങനെയും ദുബായിൽ സ്വർണത്തിന്റെ രൂപമാറ്റം വരുത്തും. ആഫ്രിക്കയിൽ നിന്ന് സ്വർണം വാങ്ങാൻ റാൻഡ്, ഫ്രാങ്ക്, ബിർ, ഘനൈൻ സെദി, സുഡാനീസ് പൗണ്ട് തുടങ്ങിയ അവിടത്തെ കറൻസികൾ തന്നെ വ്യാജമായി അച്ചടിക്കുന്നതായാണ് സൂചന. കള്ളനോട്ടുപയോഗിച്ച് വാങ്ങുന്ന സ്വർണമാണ് ഭീകരവാദത്തിന് ഫണ്ടിംഗിനായി കേരളത്തിലേക്ക് കടത്തുന്നതെന്നാണ് എൻ.ഐ.എ സംശയിക്കുന്നത്.
ഇതൊക്കെ ഇത്ര എളുപ്പമാവുമോ എന്ന് ചിന്തിക്കാൻ വരട്ടെ. അമേരിക്കൻ ഡോളർ സ്വന്തമായി അച്ചടിച്ച് വർഷങ്ങളോളം വിലസിയ രാജ്യമാണ് ഇറാൻ. ലിനൻ കൂടി അടങ്ങിയിട്ടുള്ള അമേരിക്കയുടെ കറൻസി പേപ്പറും പ്രത്യേക മഷിയും വിലയ്ക്കുവാങ്ങിയായിരുന്നു ഇറാന്റെ ഡോളർ അച്ചടി. കടുത്ത ഉപരോധമേർപ്പെടുത്തിയിട്ടും ഇറാൻ ഡോളറിലെ ഇടപാടുകൾ നടത്തുന്നതു കണ്ട് സംശയിച്ച അമേരിക്കൻ ചാരസംഘടന സി.ഐ.എ ഏറെ പണിപ്പെട്ടാണ് വ്യാജഡോളർ അച്ചടി കണ്ടെത്തിയത്. നേരത്തേ ഇന്ത്യൻ കള്ളനോട്ട് അടിക്കാൻ പാകിസ്ഥാനിലെ പെഷവാറിൽ രണ്ട് സുരക്ഷാപ്രസുകൾ ചാരസംഘടനയായ റാ കണ്ടെത്തിയിരുന്നു.
100ശതമാനം ഒറിജിനൽ വ്യാജൻ
കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിൽ നിന്ന് എൻ.ഐ.എ പിടിച്ചെടുത്ത കള്ളനോട്ടുകൾ റിസർവ് ബാങ്ക്, മൈസൂരിലെ ബാങ്ക് നോട്ട് പ്രസ്, നാസികിലെ കറൻസി നോട്ട് പ്രസ്, സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപറേഷൻ എന്നിവിടങ്ങളിൽ പരിശോധിച്ചപ്പോഴാണ് ഇന്ത്യൻ കറൻസി അച്ചടിക്കുന്ന അതേ പേപ്പറിലാണ് വ്യാജനും അച്ചടിച്ചതായി കണ്ടെത്തിയത്. നൂറ് ശതമാനം യഥാർത്ഥ പൾപ്പാണ് വ്യാജനോട്ടുണ്ടാക്കിയ കടലാസിൽ ഉപയോഗിച്ചത്. ഇന്ത്യയ്ക്ക് കറൻസി പേപ്പർ വിതരണം ചെയ്യുന്നത് ആറ് യൂറോപ്യൻ കമ്പനികളാണ്. ഇതേ പേപ്പറും സ്വിറ്റ്സർലന്റിലെ കമ്പനി ഇന്ത്യയ്ക്ക് നൽകുന്ന പ്രത്യേക മഷിയും വാങ്ങിക്കൂട്ടിയാണ് ഐ.എസ്.ഐ മേൽനോട്ടത്തിൽ കറാച്ചിയിലെയും പെഷവാറിലെയും സെക്യൂരിറ്റി പ്രസുകളിൽ ഇന്ത്യൻ നോട്ടിന് കമ്മട്ടമൊരുക്കിയത്.
ഇത്രയും റിസ്കില്ലാതെ ആഫ്രിക്കൻ കറൻസി സ്വന്തമായി അടിച്ചെടുക്കാം. കള്ളനോട്ടിൽ വാങ്ങിക്കൂട്ടുന്ന സ്വർണം ഇന്ത്യയിലേക്കെത്തിച്ചാൽ ശത്രുരാജ്യത്തിന് രണ്ട് ഗുണങ്ങളുണ്ട്. 1)ഇന്ത്യയിൽ അശാന്തി വിതയ്ക്കാൻ ഭീകരവാദികൾക്ക് പണമെത്തിക്കാം. 2)രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയെ തകർക്കാം. അതിനാലാണ് സ്വർണക്കടത്തിനെ സാമ്പത്തിക തീവ്രവാദമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.
മലയാളി കണക്ഷൻ
ഇന്ത്യക്കാരാണ് ആഫ്രിക്കൻ ഖനികളിലെ ഇടപാടുകാരിൽ അധികവും. ഉഗാണ്ടയിലെ ഖനിയിൽ നിന്ന് ആഴ്ചയിൽ 700കിലോഗ്രാം സ്വർണം യു.എ.ഇയിലേക്ക് കയറ്റിഅയയ്ക്കുന്ന ഇന്ത്യക്കാരനെ ഡി.ആർ. ഐ കണ്ടെത്തിയിട്ടുണ്ട്. യു.എ.ഇയിലേക്ക് ആഫ്രിക്കൻ സ്വർണമെത്തിക്കുന്ന മലയാളിസംഘങ്ങളും നിരവധി. ആഫ്രിക്കയിൽ സ്വർണഖനനം നടത്തുന്ന മലയാളികളുമുണ്ട്. ഇതിലൊരാൾ ലോകകേരള സഭയിൽ അംഗമായിരുന്നു.
നോട്ട് അസാധുവാക്കലിനു ശേഷം കാശ്മീരിലെയും മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങളിലെയും തീവ്രവാദപ്രവർത്തനങ്ങൾ കുറഞ്ഞതായാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. നേരത്തേ കാശ്മീരിൽ സൈന്യത്തിനു നേരെ കല്ലെറിയാൻ ഭീകരസംഘടനകൾ പണമൊഴുക്കിയിരുന്നു. ആയിരക്കണക്കിനാളുകൾ ഒത്തുചേർന്നായിരുന്നു ഈ കല്ലേറ് നടത്തിയിരുന്നത്. പാകിസ്ഥാനിൽ നിന്നെത്തിക്കുന്ന വ്യാജകറൻസിയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. നോട്ട് അസാധുവാക്കലോടെ ഇത് കുറഞ്ഞിട്ടുണ്ട്.
പത്ത് സംസ്ഥാനങ്ങളും 272ജില്ലകളും തീവ്ര മാവോയിസ്റ്റ് ബാധിത മേഖലകളാണ്. ഇവിടെയെല്ലാം നോട്ടുനിരോധത്തിനു ശേഷം ആക്രമണങ്ങൾ കുറഞ്ഞു. ധനികരെയും ഖനി-ക്വാറിയുടമകളെയും ഭീഷണിപ്പെടുത്തി പ്രതിവർഷം 1500കോടി മാവോയിസ്റ്റുകൾ കൈക്കലാക്കുന്നതായാണ് കണക്ക്. പണം കണ്ടെത്താൻ മയക്കുമരുന്ന്, ചന്ദന കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, ആയുധക്കടത്ത് എന്നിവയിലേക്ക് മാവോയിസ്റ്റുകൾ ചുവടുമാറ്റിയിട്ടുണ്ട്.
(പരമ്പര തുടരും)