കോവളം: മാനത്ത് മഴക്കാറ് കാണുമ്പോൾ വിഴിഞ്ഞം തെരുവ് പിണർവിളാകം മാമൂട് വീട്ടിൽ ഭീതിയുടെ ഇടിമുഴക്കമെത്തും. പ്രായമായ അമ്മയെയും അർബുദ രോഗിയായ മകനെയും ചേർത്ത് പിടിച്ച് അരസെന്റ് ഭൂമിയിലെ അടച്ചുറപ്പില്ലാത്ത കൂരയ്ക്കുള്ളിൽ മഴ തീരുന്നത് വരെ സുരേഷ് കുമാറും ഭാര്യ മല്ലികയും ഭീതിയോടെ കഴിയും. ഒരു വർഷമായി നട്ടെല്ലിന് അർബുദം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായ വെങ്ങാനൂർ ഗവ. മോഡൽ എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥിയായ വൈശാഖ്, അനുജൻ വൈഷ്ണവ്, മുത്തശ്ശി സരസ്വതിയമ്മ എന്നിവരുൾപ്പെടെ അഞ്ച് പേർ ഈ കൂരയ്ക്കുള്ളിലാണ് കഴിയുന്നത്. കൂലിപ്പണി ചെയ്താണ് 54കാരനായ സുരേഷ്‌കുമാർ കുടുംബം പുലർത്തിയിരുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ഇപ്പോൾ ജോലിയും നഷ്ടമായി. മകൻ വൈശാഖിന്റെ ചികിത്സയെ തുടർന്ന് സാമ്പത്തികമായി തകർന്ന ഈ കുടുംബം ഇപ്പോൾ നാട്ടുകാരുടെ സഹായത്താലാണ് കഴിയുന്നത്.
കീമോതെറാപ്പി ചെയ്തുവരുന്ന മകനെ നല്ല വൃത്തിയായ മുറിക്കുള്ളിൽ കിടത്തണമെന്ന് ഡോക്ടർ നിർദ്ദേേശിച്ചിരുന്നു. എന്നാൽ ഷീറ്റ് മേഞ്ഞ വീട്ടിൽ പൊടിയും ചോർച്ചയും കൊണ്ട് കഷ്ടപ്പെടുകയാണ് കുടുംബം. കീറിയ ടാർപോളിനിലൂടെ മഴവെള്ളം അകത്തേക്ക് വീഴുകയാണ്. ടോയ്‌ലെറ്റിനായി ടാങ്ക് നിർമ്മിച്ചിരിക്കുന്നതോ വൈശാഖ് കിടക്കുന്ന മുറിക്കുള്ളിലും. കിണറോ പൈപ്പ് വെള്ളമോ ലഭിക്കാത്ത ഈ കുടുംബം സമീപ വീടുകളിൽ പോയാണ് വെള്ളം കൊണ്ടുവരുന്നത്. ലൈഫ് പദ്ധതിയിലേക്ക് അപേക്ഷിച്ചെങ്കിലും അര സെന്റ് ഭൂമിയായതിനാൽ അതും നൂലാമാലകളിൽ കുടുങ്ങി കിടക്കുകയാണ്. നിന്നു തിരിയാൻ ഇടമില്ലാത്ത ഈ വീട്ടിൽ അഞ്ച് പേർ കഴിയുന്ന കാഴ്ച ആരുടെയും കരളലിയിക്കുന്നതാണ്. വീട്ടിലേക്ക് എത്തിപ്പെടാനും നല്ലൊരു വഴിയില്ല. മകന്റെ തുടർ ചികിത്സയ്ക്കും മറ്റുമായി നല്ലൊരു തുക മാസം വേണ്ടിവരും. കുടുംബത്തെ സഹായിക്കുന്നതിനായി നാട്ടുകാരുടെ സഹായത്തോടെ വൈശാഖിന്റെ പേരിൽ പഞ്ചാബ് നാഷണൽ ബാങ്ക് വിഴിഞ്ഞം തെരുവ് ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. Alc No: 7475001500003444, IFC code: PUNB 0747500, ഫോൺ: 9142512324.