തിരുവനന്തപുരം: നിയന്ത്രണങ്ങൾ കടുപ്പിച്ച ശേഷം ജീവനക്കാരുടെ എണ്ണം കുറഞ്ഞ നഗരസഭയിൽ അഡിഷണൽ സെക്രട്ടറിയുടെ കർശന നിർദ്ദേശപ്രകാരം ഇന്നലെ എത്തിയത് 80 ശതമാനം പേർ. ലോക്ക് ഡൗണിനെ തുടർന്ന് ജീവനക്കാരുടെ എണ്ണം പകുതിയാക്കിയിരുന്നു. എന്നാൽ വരേണ്ട ജീവനക്കാർ കണ്ടെയ്ൻമെന്റ് സോണിലായതോടെ ഒാഫീസുകൾ കാലിയായി. മെയിൻ ഓഫീസിലെ 300 ജീവനക്കാർ ഉൾപ്പെടെ നഗരസഭയിൽ ആകെ 1500 ജീവനക്കാരുണ്ട്. ഇതിനിടെ നഗരസഭ സി.എഫ്.എൽ.ടി ചികിത്സാകേന്ദ്രങ്ങൾ തുടങ്ങി. ഇവിടങ്ങളിൽ ഓരോന്നിലേക്ക് 5 ജീവനക്കാരെ നിയോഗിക്കണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വീട്ടിലിരിക്കുന്നവരെയും വിളിച്ചുവരുത്തുകയായിരുന്നു. ഒരു സൂപ്പർവൈസർ, 4 ക്ളാർക്കുമാർ എന്നിങ്ങനെയാണ് ടീം. 14 ദിവസം ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഒരു ടീം ജോലി ചെയ്യണം. ജോലിക്ക് എത്തിയില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന് അഡിഷണൽ സെക്രട്ടറി വ്യക്തമാക്കിയതോടെയാണ് ജീവനക്കാർ എത്തിയത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരുമെത്തുന്നത് അപകടമാണെന്നാണ് ജീവനക്കാരുടെ സംഘടനയുടെ പരാതി. സാമൂഹ്യ അകലം പാലിച്ചുള്ള ജോലി ചെയ്യലും നടക്കില്ലെന്ന് ഇവർ പറയുന്നു. ഒരാൾക്ക് രോഗം വന്നാൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് ചൂണ്ടിക്കാട്ടി ചില ജീവനക്കാർ അഡിഷണൽ സെക്രട്ടറിക്കും മേയർക്കും പരാതി നൽകി.
ക്വാറന്റൈൻ പൂർത്തിയാക്കാതെ മേയറുമെത്തി
എല്ലാ ജീവനക്കാരോടും ജോലിക്കെത്താൻ നിർദ്ദേശിക്കുന്നതിനു മുമ്പേ തന്നെ സ്വയം നിരീക്ഷണത്തിലായിരുന്ന മേയർ കെ. ശ്രീകുമാർ വീണ്ടും നഗരസഭയിലെത്തി. 24ന് സ്വയം നിരീക്ഷണത്തിൽ പോയ മേയർ 25ന് പരിശോധനാഫലം നെഗറ്റീവായതോടെയാണ് പുറത്തിറങ്ങിയത്. എന്നാൽ നിരീക്ഷണ കാലയളവ് പൂർത്തിയാക്കാതെ മേയർ എത്തിയതിൽ കടുത്ത ആക്ഷേപമുയരുന്നുണ്ട്. മേയർക്കൊപ്പം നിരീക്ഷണത്തിൽ പോയ 10 കൗൺസിലർമാരുടെ രണ്ടാംഘട്ട പരിശോധന ഇന്ന് നടക്കും.