
തലസ്ഥാന നഗരിയെ പാദസരമണിയിക്കുന്ന പ്രസിദ്ധമായ ശംഖുംമുഖം ബീച്ചിന്റെ ഇപ്പോഴത്തെ അവസ്ഥ ഹൃദയമുള്ളവരെ മുഴുവൻ ദുഃഖിപ്പിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങൾക്കായി പ്രത്യേക വകുപ്പും ഉദ്യോഗസ്ഥരും പരിവാരങ്ങളുമൊക്കെ ഉണ്ടെങ്കിലും ശംഖുംമുഖം വർഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന പല വിധത്തിലുള്ള കെടുതികൾ പരിഹരിക്കാൻ ആരുമില്ല. നഗരത്തിന്റെ വീർപ്പുമുട്ടലിൽ നിന്ന് ജനങ്ങൾക്ക് കുറച്ചു സമയം ആശ്വാസം നൽകിയിരുന്ന കടൽത്തീരം ഏതാണ്ട് മുഴുവനായി കടലെടുത്തുകഴിഞ്ഞു. ഒറ്റ ദിവസം കൊണ്ടല്ല ഇതുണ്ടായത്. ആറേഴു വർഷമായി തുടരുന്ന ദുരന്തമാണിത്. കടലിനുണ്ടായ മാറ്റത്തെക്കുറിച്ച് പഠിക്കാനോ തീരസംരക്ഷണത്തിന് പുതിയ മാർഗങ്ങൾ സ്വീകരിക്കാനോ തയ്യാറാകാതെ നാൾ പോക്കുകയാണ് അധികാരികൾ. ഓരോ വർഷവും കടൽ കൂടുതൽ കര എടുത്തുകൊണ്ടുപോകുന്നു. അങ്ങനെ എടുത്തെടുത്ത് ബീച്ചും ബീച്ച് റോഡുകളിലൊന്നും ഇത്തവണത്തെ കടലേറ്റത്തിൽ പൂർണമായും ഇല്ലാതായിക്കഴിഞ്ഞു. വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ടെർമിനലിലേക്കുള്ള പ്രധാന റോഡാണ് ഇല്ലാതായിരിക്കുന്നത്. ശേഷിക്കുന്ന ഒരു ഇടറോഡിലൂടെ ചുറ്റി വേണം ഇപ്പോൾ വിമാനത്താവളത്തിലെത്താൻ. പതിവുപോലെ ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധനകളും റിപ്പോർട്ട് തയ്യാറാക്കലുമൊക്കെ നടക്കുന്നുണ്ട്. തകർന്ന റോഡിന്റെ സ്ഥാനത്ത് ബലമേറിയ പുതിയ റോഡ് നിർമ്മിക്കാനുള്ള ആലോചനയുണ്ട്. ഇതൊക്കെ എന്നു പൂർത്തിയാകുമെന്ന് നോക്കിയിരിക്കുകയാണ് നഗരവാസികളും സ്ഥലവാസികളും.
മൂന്നുവർഷം മുൻപുണ്ടായ ഓഖിയിൽ ശംഖുംമുഖത്തും സാരമായ തകർച്ച സംഭവിച്ചിരുന്നു. ബീച്ചിന്റെ നല്ലൊരു ഭാഗം മാത്രമല്ല സന്ദർശകർക്കായി ഒരുക്കിയിരുന്ന സൗകര്യങ്ങളും നടപ്പാതയുമൊക്കെ കടൽ എടുത്തിരുന്നു. നവീകരണ നടപടികൾ നടക്കുന്നതിനിടയിലാണ് അടുത്തടുത്ത വർഷങ്ങളിൽ കൂടുതൽ രൂക്ഷമായ കടലാക്രമണമുണ്ടായത്. കടലിന്റെ ഭാവമാറ്റം മനസിലാക്കാതെ ചെയ്തുവച്ചതെല്ലാം വീണ്ടും തകർന്ന് കടലിലായി. ഇപ്പോഴിതാ കൂടുതൽ കനത്ത നാശം വിതച്ച് ബീച്ച് റോഡ് അപ്പാടെ തകർത്ത് കടൽ മുന്നോട്ടു നീങ്ങുകയാണ്. വ്യോമതാവളത്തിന്റെ കൂറ്റൻ മതിലിൽ ചെന്നു മുട്ടാൻ കടലിന് കഷ്ടിച്ചു നൂറു മീറ്റർ പോലും വേണ്ട. കടലിനടിയിലെ മണൽ പൂർണമായും ഒലിച്ചുപോയാലും അപകടം തിരിച്ചറിയാത്തവരെപ്പോലെ സർക്കാർ വകുപ്പുകൾ ഉറങ്ങുകയാണ്. വർഷങ്ങളായി തുടരുന്ന കടലാക്രമണം ഫലപ്രദമായി പ്രതിരോധിക്കാൻ ഇതുവരെ അവർക്ക് സാധിച്ചിട്ടില്ല. ആർത്തലച്ചെത്തുന്ന തിരമാലകളെ പ്രതിരോധിക്കാൻ പാകത്തിലുള്ള തീര സംരക്ഷണ വിദ്യകളാണ് വേണ്ടത്. അതു ചെയ്യാൻ അറിയാവുന്നവർ സർക്കാർ വകുപ്പുകളിൽ ഇല്ലെങ്കിൽ വേറെ എവിടെ നിന്നെങ്കിലും കൊണ്ടുവരണം. പരസഹായമില്ലാതെ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാൻ ശേഷിയുള്ള ശാസ്ത്രജ്ഞരുള്ള നാട്ടിൽ തിരമാലകളെ പ്രതിരോധിക്കാനുള്ള നിർമ്മാണ വൈദഗ്ദ്ധ്യം നേടിയവരെ കണ്ടെത്താനും വിഷമിക്കേണ്ടതില്ലല്ലോ.
പ്രശ്നം ശംഖുംമുഖത്തിന്റേതു മാത്രമല്ലെന്ന് ഓർക്കണം. കാലവർഷം തുടങ്ങുന്നതോടെ സംസ്ഥാനത്തെ തീരദേശങ്ങളിലുള്ള ജനങ്ങളുടെ മനസുകളിലും ഇരുൾ പരക്കുന്ന കാഴ്ചയാണിപ്പോൾ. ഓരോ കാലവർഷവും എത്രയെത്ര കുടുംബങ്ങളെയാണ് അനാഥരാക്കുന്നത്. കടലിൽ കല്ലിടൽ എന്ന പാഴ്വേലയിലൂടെ പതിറ്റാണ്ടുകളായി കടലിന്റെ മക്കളെ കബളിപ്പിക്കുകയാണ്. കുറച്ചുപേരെ കോടീശ്വരന്മാരാക്കാൻ സഹായിക്കുമെന്നല്ലാതെ കടലാക്രമണത്തിന്റെ രൂക്ഷത കുറയ്ക്കാനോ നാശനഷ്ടങ്ങൾ ഇല്ലാതാക്കാനോ പര്യാപ്തമാകുന്നില്ല പരീക്ഷിച്ചു പരാജയപ്പെട്ട ഈ സൂത്രവിദ്യ. അറുനൂറോളം കിലോമീറ്റർ ദൈർഘ്യമുള്ള കടൽത്തീരമുള്ള സംസ്ഥാനത്ത് തീരമേഖലകളെ കടലാക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള ഫലപ്രദമായ പുതു വഴികൾ കണ്ടെത്തേണ്ടതുണ്ട്. ഏറ്റവുംഅപായ ഭീഷണിയിൽ ജീവിക്കുന്ന തീരവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പുനരധിവസിപ്പിക്കുകയെങ്കിലും വേണം.
ശംഖുംമുഖം ബീച്ച് തകർന്നത് പ്രഭാത - സായാഹ്ന സവാരിക്കാരെ മാത്രമല്ല ബാധിക്കുന്നത്. രാജ്യത്തിനകത്തു നിന്നും പുറത്തുമായി തലസ്ഥാനത്തെത്തുന്ന ലക്ഷക്കണക്കിനു സഞ്ചാരികളുടെയും ഇഷ്ടപ്പെട്ട കേന്ദ്രമാണ് ശംഖുംമുഖം. തലയ്ക്കു വെളിവില്ലാത്ത ആരുടെയൊക്കെയോ കാടൻ പരിഷ്കാരങ്ങളുടെ മറവിൽ അവിടെ രണ്ടുമൂന്നു വർഷങ്ങളായി എന്തെല്ലാമോ കാട്ടിക്കൂട്ടി വരികയായിരുന്നു. എട്ടുപത്തു വർഷം മുൻപു കോടികൾ ചെലവഴിച്ചു നിർമ്മിച്ചതെല്ലാം പൊളിച്ചടുക്കിയ ശേഷമാണ് പുതിയ നിർമ്മിതികൾ. ഒരിക്കലും പൂർത്തിയാകാത്ത അതു തുടരുന്നതിനിടയിലാണ് ഇപ്പോഴത്തെ കടൽക്ഷോഭം. ഏറ്റവും ശാന്തമായ ബീച്ചുകളിലൊന്നായിരുന്നു ശംഖുംമുഖം ഈ അടുത്ത കാലം വരെ. അതിന് മാറ്റം വരാനുള്ള ശാസ്ത്രീയ കാരണങ്ങൾ കണ്ടെത്താൻ വിദഗ്ദ്ധന്മാരെ ചുമതലപ്പെടുത്തണം. സമുദ്ര പഠന വിഭാഗവും ഭൗമശാസ്ത്രജ്ഞരുമൊക്കെ വിചാരിച്ചാൽ സാധിക്കാവുന്ന കാര്യമാണിത്. വിദഗ്ദ്ധ പഠനത്തെ ആധാരമാക്കി സംരക്ഷണ നടപടികൾ ആവിഷ്കരിക്കണം. സമയബന്ധിതമായി അതു നടപ്പാക്കുകയും വേണം. അടുത്ത കാലവർഷത്തിനു മുൻപ് പൂർത്തിയാകും വിധത്തിലാകണം ഇതിനുള്ള പദ്ധതി തയ്യാറാക്കാൻ. ബീച്ച് ഇല്ലാതായതോടെ അതിനെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന അനവധി മത്സ്യത്തൊഴിലാളി കുടുംബങ്ങളും കഷ്ടത്തിലായിട്ടുണ്ട്. വള്ളങ്ങൾ സൂക്ഷിക്കാനും മീൻ വള്ളങ്ങൾ അടുപ്പിക്കാനും മറ്റുമുള്ള സൗകര്യങ്ങൾ ഇല്ലാതായതോടെ പുതിയ കേന്ദ്രങ്ങൾ തേടി നടക്കുകയാണവർ.
കേന്ദ്ര റോഡ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്മാരുടെ സംഘം ശംഖുംമുഖത്തെ കടലാക്രമണ സ്ഥിതി വിവരങ്ങൾ പഠിച്ച് പരിഹാര നടപടികൾ നിർദ്ദേശിച്ചിട്ടുണ്ടെന്നാണു കേൾക്കുന്നത്. കടലാക്രമണത്തെ ചെറുക്കാൻ കഴിയുന്ന നിർമ്മാണ വിദ്യയ്ക്കും രൂപം നൽകിയിട്ടുണ്ടത്രെ. പിന്നെ എന്തുകൊണ്ടാണ് അതു നടപ്പാക്കാത്തതെന്നാണ് ചോദ്യം. കടലാസിൽ വരച്ച് അലമാരയിൽ സൂക്ഷിക്കേണ്ട സംഗതിയൊന്നുമല്ലല്ലോ ഇതൊക്കെ. കാലവർഷത്തെയും മഹാമാരിയെയും പഴിച്ച് പദ്ധതി നീട്ടിക്കൊണ്ടു പോകാതെ എത്രയും വേഗം അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ ശ്രമിക്കണം. തുടങ്ങിക്കഴിഞ്ഞാൽ ഇടങ്കോലിടാൻ ആരും വരില്ലെന്ന് ഉറപ്പാക്കുകയും വേണം.