ആറ്റിങ്ങൽ: 'കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്റർ' (CFLTC) ആറ്റിങ്ങലിൽ ഒരുക്കി.
ജില്ലയിൽ കൊവിഡ് സമൂഹ വ്യാപനത്തിൽ നിന്ന് ഒഴിവായ സേഫ് സോൺ എന്ന പ്രദേശമാണ് ആറ്റിങ്ങൽ. രോഗവ്യാപന സാദ്ധ്യത കണക്കിലെടുത്താണ് മുൻകൂട്ടി ആറ്റിങ്ങൽ നഗരസഭ സി.എഫ്.എൽ.ടി.സി സെന്റർ സജ്ജമാക്കിയത്.
ആറ്റിങ്ങൽ ഗവ. സ്പോർട്ട്സ് ഹോസ്‌പിറ്റലിലാണ് 150ഒാളം പേരെ കിടത്തി ചികിത്സിക്കാനാവശ്യമായ സൗകര്യമൊരുക്കിയത്. നഗരസഭ ആരോഗ്യവിഭാഗത്തിന്റെയും ആറ്റിങ്ങൽ ടൗൺ ഡി.വൈ.എഫ്.ഐ വോളണ്ടിയർമാരുടെയും നേതൃത്വത്തിലാണ് കെട്ടിടം ശുചീകരിച്ച് ചികിത്സയ്ക്കാവശ്യമായ സാഹചര്യം ഒരുക്കിയത്.
രോഗികളുടെ വർദ്ധനവിന് അനുസരിച്ച് പുതിയ കേന്ദ്രങ്ങൾ തുറക്കാനും നഗരസഭ സജ്ജമാണെന്നും ചെയർമാൻ എം. പ്രദീപ് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. കൂടാതെ ഇങ്ങനെയുള്ള കേന്ദങ്ങളിൽ നഗരസഭയുടെ മോണിറ്ററിംഗ് കമ്മിറ്റിയുടെ സേവനവും ലഭ്യമാക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ് പറഞ്ഞു.
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ഹാസ്മി, അഭിനന്ദ്, ജയൻ, അജി, ഡി.വൈ.എഫ്.ഐ വോളണ്ടിയർമാരായ വിഷ്ണുചന്ദ്രൻ, പ്രശാന്ത്, സംഗീത്, അനസ്, ശങ്കർ, സംഗീത്, ചിഞ്ചു, അഖിൽ തുടങ്ങിയവർ നേത‌ൃത്വം നൽകി.