കാട്ടാക്കട: സർക്കാർ ഓഫീസുകളും പ്രധാന വ്യാപാര സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന പൊന്നറ, കാട്ടാക്കട, തൂങ്ങാംപാറ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായതോടെ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ വീണ്ടും കൊവിഡ് ആശങ്ക ശക്തമായി. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ രണ്ടാം തവണയാണ് കാട്ടാക്കടയിലെ വിവിധ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിലാകുന്നത്. കാട്ടാക്കടയിൽ സമൂഹവ്യാപന സാദ്ധ്യത മുന്നിൽക്കണ്ട് പല മുന്നറിയിപ്പുകൾ നൽകിരുന്നെങ്കിലും ദിനംപ്രതി ജനം തെരുവിലായിരുന്നു. ഇതേ തുടർന്നാണ് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ റവന്യൂ - ആരോഗ്യ - പൊലീസ് വകുപ്പുകൾ രംഗത്തെത്തിയത്. ഇപ്പോൾ കാട്ടാക്കടയിലെ പൊതുപ്രവർത്തകനും മകനും കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും കുടുംബത്തിനും ഉൾപ്പെടെ 16 റോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജില്ലാ ഭരണകൂടം പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തിയത്. പൊതുപ്രവർത്തകന്റെയും കെ.എസ്.ആർ.ടി.സി ഡ്രൈവറുടെയും സമ്പർക്കപ്പട്ടിക വിപുലമാണ്. എന്നാൽ ഡിപ്പോയിൽ രണ്ട് ദിവസം പരിശോധന നടത്തിയതല്ലാതെ പഞ്ചായത്തിൽ വ്യാപക പരിശോധന നടത്താൻ അധികൃതർ ഇതേവരെ തയ്യാറാകാത്തത് ജനങ്ങളിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പലയിടങ്ങളിലും വിവാഹ മരണാനന്തര ചടങ്ങുകളിൽ നിരവധി ആളുകൾ പങ്കെടുക്കാറുണ്ടെങ്കിലും ഇതെല്ലാം രഹസ്യമായി വയ്ക്കുകയാണ്. ഇങ്ങനെ പങ്കെടുക്കുന്നവരെ ബന്ധപ്പെടുമ്പോൾ പൊതുചടങ്ങുകളിൽ പങ്കെടുത്തിട്ടില്ലെന്ന് അറിയിക്കുന്നത് ആരോഗ്യ പ്രവർത്തകർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സമീപ പഞ്ചായത്തായ കുറ്റിച്ചലിൽ കോട്ടൂർ സ്വദേശിക്ക് പോസിറ്റീവായതോടെ കോട്ടൂർ പ്രദേശവും കടുത്ത നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ഇവിടെ ആരോഗ്യ വകുപ്പും ഫയർഫോഴ്സും ചേർന്ന് അണുനശീകരണം നടത്തി.
ഡിപ്പോ തുറക്കൽ നീളും
ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കാട്ടാക്കട ഡിപ്പോ അടച്ചിട്ടത്. ഇന്നലെ മുതൽ വീണ്ടും തുറക്കാൻ തീരുമാനിച്ചെങ്കിലും കണ്ടെയ്ൻമെന്റ് സോണായ പശ്ചാത്തലത്തിൽ ഡിപ്പോ തുറക്കുന്നത് നീളും. കാട്ടാക്കട -പൂവച്ചൽ പഞ്ചായത്തുകളിൽ അവശ്യ സാധനങ്ങൾ വില്പന നടത്തുന്ന കടകൾ മാത്രമേ തുറക്കാൻ അനുവദിക്കുകയുള്ളു. സോണുകളിലേക്കുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്.
കാട്ടാക്കടയിൽ സമ്പർക്കപട്ടികയിലുള്ളവർ സ്വയം നിരീഷണത്തിൽ പോകുകയും രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും വേണം.
ഡോ. ശാന്തകുമാർ, മെഡിക്കൽ ഓഫീസർ