വെള്ളറട: പാറശാല നിയോജക മണ്ഡലത്തിലെ ഒൻപതു പഞ്ചായത്തുകളിലായി ആയിരം കിടക്കകളുള്ള കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ സജ്ജമാകുന്നു. നാല് ഡോക്ടർമാർ, 6 സ്റ്റാഫ് നഴ്സ്, 2 നഴ്സിംഗ് അസിസ്റ്റന്റുമാർ, 10 ക്ളീനിംഗ് സ്റ്റാഫ്, ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, ആംബുലൻസ് ഡ്രൈവർ എന്നിവരുടെ സേവനം ഇവിടങ്ങളിൽ ലഭ്യമാക്കും. ഇതിനു പുറമെ സന്നദ്ധ പ്രവർത്തകരുടെയും കേന്ദ്രങ്ങളുടെ ഏകോപനത്തിനായി നോഡൽ ഓഫീസറുടെയും സേവനം മണ്ഡലത്തിൽ ലഭ്യമാക്കുമെന്ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു. കേന്ദ്രങ്ങളിൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വെള്ളം, വൈദ്യുതി, ഭക്ഷണം എന്നിവ ലഭ്യമാക്കും. 24 മണിക്കൂറും ഡോക്ടർമാരുടെ സേവനവും ലാബ് സൗകര്യവും ഉണ്ടാകും. രോഗികളുടെ മാനസികോല്ലാസത്തിന് ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പാറശാലയിലും കുന്നത്തുകാലിലും രോഗബാധ ഗുരുതരമായവർക്കുവേണ്ടി ഓക്സിജൻ സൗകര്യങ്ങളോടുകൂടി ഒബ്സർവേഷൻ മുറി ഗ്രീൻസോണിനു സമീപം ക്രമീകരിച്ചു. പാറശാലയിൽ ശ്രീകൃഷ്ണ ഫാർമസി കോളേജ്, കുന്നത്തുകാലിൽ കാരക്കോണം മെഡിക്കൽകോളേജ്, കൊല്ലയിൽ ധനുവച്ചപുരം ഗവ. ഗേൾസ് ഹൈസ്കൂൾ, പെരുങ്കടവിളയിൽ മാരായമുട്ടം ജി.എച്ച്.എസ്.എസ്, ഒറ്റശേഖരമംഗലത്ത് ജനാർദ്ദനപുരം ഹയർസെക്കൻഡറി സ്കൂൾ, ആര്യങ്കോട് ചെമ്പൂര് എൽ.എം.എസ്.എച്ച്.എസ്.എസ്, കള്ളിക്കാട് രാജീവ് ഗാന്ധി കൺവെൻഷൻ സെന്റർ, അമ്പൂരി സെന്റ് തോമസ് എച്ച്.എസ്.എസ് ആൻഡ് പാരിഷ് ഹാൾ, വെള്ളറടയിൽ ആനപ്പാറ ഫോറസ്റ്റ് കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകും.