help-

ചിറയിൻകീഴ്: ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലൂടെ റഫീക്കത്ത് ബീവിക്ക് കിട്ടിയത് ഒരു പുനർജന്മം. ആരും നോക്കാനില്ലാതെ മഴ പെയ്താൽ ചോർന്നൊലിക്കുന്ന അടച്ചുറപ്പില്ലാത്ത വീട്ടിൽ ഏഴുന്നേൽക്കാനാകാതെ ഒറ്റപ്പെട്ടുപോയ അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി മാതശ്ശേരിക്കോണം പുതുവൽവിള വീട്ടിൽ റഫീക്കത്ത് ബീവിക്കാണ് ചിറയിൻകീഴ് പൊലീസ് തുണയായത്.

ഇവരുടെ അവസ്ഥ വാർഡ് അംഗം സുധർമ്മയിൽ നിന്നറിഞ്ഞ സർക്കിൾ ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രൻ ഉടൻ തന്നെ സഹപ്രവർത്തകരുമായി റഫീക്കത്ത് ബീവിയുടെ വീട്ടിലെത്തി. ഭക്ഷണം കഴിക്കാതെ അവശയായ അവർക്ക് ഭക്ഷണം നൽകി. തുടർന്ന് കലാഭവൻ മണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്തിന്റെ സഹായത്തോടെ വർക്കലയിലെ പുനർജ്ജനി പുനരധിവാസ കേന്ദ്രം ഡയറക്ടർ ഡോ. ട്രോസി ജയനുമായി ബന്ധപ്പെട്ടു. അദ്ദേഹം റഫീക്കത്ത് ബീവിയെ ഏറ്റെടുത്ത് സംരക്ഷിക്കാനുള്ള സന്നദ്ധത അറിയിച്ചതിനെതുടർന്ന് സർക്കിൾ ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രന്റെ നേതൃത്വത്തിൽ റഫീക്കത്ത് ബീവിയെ പുനർജനി പുനഃരധിവാസ കേന്ദ്രത്തിലെത്തിച്ചു.