വെള്ളറട: തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന കുന്നത്തുകാൽ, വെള്ളറട പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം രൂക്ഷമായിട്ടും ഇത് തടയുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടികളില്ലെന്ന് പരാതി. യാതൊരു നിയന്ത്രണവുമില്ലാതെ അതിർത്തി കടന്ന് നിരവധി ആളുകളെത്തുന്നതിനാൽ കുന്നത്തുകാലിൽ ഓരോ ദിവസം കഴിയുംതോറും സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. അതിർത്തി അടച്ച് പൂർണമായും നിയന്ത്രണങ്ങളേർപ്പെടുത്തിയാൽ മാത്രമേ രോഗികളുടെ എണ്ണം കുറയ്ക്കാൻ കഴിയുകയുള്ളുവെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം കുന്നത്തുകാലിൽ 14 ഓളം പേർക്കാണ് രോഗം ബാധിച്ചത്. എള്ളുവിളയിലും നിലമാമൂട്ടിലും ഓരോ യുവാക്കൾക്കും കാരക്കോണത്ത് ആട്ടോറിക്ഷ ഡ്രൈവർക്കും ലോട്ടറി കച്ചവടക്കാരനും കാലായിൽ ഒരു കുടുംബത്തിലെ നാലുപേർക്കും നാറാണിയിൽ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആട്ടോക്കാരന്റെയും ലോട്ടറികച്ചവടക്കാരന്റെയും സമ്പർക്കപട്ടിക വളരെ കൂടുതലാണ്. കാലായിൽ സ്റ്റേഷനറി കടനടത്തുന്ന ചാവടി സ്വദേശിയുടെ സമ്പർക്കപട്ടിക ശേഖരിച്ചു വരുന്നതേയുള്ളു. വെള്ളറടയിൽ മൂന്ന് ഗർഭിണികൾ ഉൾപ്പെടെ 6 പേർക്കാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ പഞ്ചാകുഴി, പന്നിമല, കള്ളിമൂട് സ്വദേശികളാണ്.