തിരുവനന്തപുരം:ഉപയോഗശൂന്യമായ തോക്കുകൾ ഉപയോഗിച്ച് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം പൊലീസ് ആസ്ഥാനത്ത് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അനാച്ഛാദനം ചെയ്തു. സർവീസിൽ നിന്നു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരോടുള്ള ആദരവായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യുന്ന മാതൃകയിലാണ് ശില്പം. ശൗര്യ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.
940 റൈഫിളുകൾ, 80 മസ്‌കറ്റ് തോക്ക്, 45 റിവോൾവറുകൾ, 457 മാഗസിനുകൾ എന്നിവയാണ് ഒൻപത് മീറ്റർ ഉയരമുള്ള ശില്പനിർമാണത്തിനുപയോഗിച്ചിരിക്കുന്നത്. ശില്പത്തിന്റെ ഡിസൈൻ, നിർമ്മാണം എന്നിവ നിർവഹിച്ചത് പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണ്. എ.ഡി.ജി.പി മനോജ് എബ്രഹാം,ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി,ഐ.ജിമാരായ എസ്.ശ്രീജിത്ത്,പി.വിജയൻ തുടങ്ങിയവർ പങ്കെടുത്തു.