ചിറയിൻകീഴ്: ലോക്ക് ഡൗൺ മൂലം വഴിയോരങ്ങളിൽ ഒറ്റപ്പെട്ട അനാഥ ജീവിതങ്ങൾക്ക് ആട്ടോ ഡ്രൈവർ സാന്ത്വനമേകുന്നു. മേൽകടയ്ക്കാവൂർ സ്റ്റാലിൻ ജംഗ്ഷനിൽ 'സൂര്യദേവൻ' എന്ന ആട്ടോയിലെ ഡ്രൈവറായ മേൽകടയ്ക്കാവൂർ ഇരുപറയിൽ വീട്ടിൽ അനിൽകുമാറാണ് വഴിയോരങ്ങളിൽ ഒറ്റപ്പെട്ടവർക്ക് ഉച്ച ഭക്ഷണം നൽകി മാതൃകയാകുന്നത്. ഒരാഴ്ചയായി അനിൽകുമാർ ഇവർക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നു. മേൽകടയ്ക്കാവൂരിൽ നിന്ന് ഏഴ് കിലോമീറ്ററോളം ദൂരത്തിൽ വാഹനം ഓടിച്ചാണ് ഇവർക്കുള്ള ഭക്ഷണം എത്തിക്കുന്നത്. നിലയ്ക്കാമുക്ക്, കടയ്ക്കാവൂർ, വക്കം എന്നിവിടങ്ങളിലുളളവർക്കാണ് ഭക്ഷണം എത്തിക്കുന്നത്. മേൽകടയ്ക്കാവൂർ മുൻ പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവരുടെ വീട്ടിൽ നിന്നും ശേഖരിച്ചാണ് അനിൽകുമാർ ഇവർക്ക് ഉച്ചഭക്ഷണം നൽകുന്നത്. അതോടൊപ്പം തന്നെ കുടിവെള്ളം സ്വന്തം ചെലവിലാണ് വാങ്ങി നൽകുന്നത്. അഞ്ചുതെങ്ങിൽ കൊവിഡ് വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചപ്പോൾ കൊവിഡ് ബാധിച്ച നിവാസികളുടെ കുടുംബങ്ങൾക്ക് പച്ചക്കറിയും പലവ്യഞ്ജന സാധനങ്ങളും അടങ്ങുന്ന കിറ്റ് വിതരണം ചെയ്യാൻ അനിൽകുമാർ അടങ്ങുന്ന ആട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ തീരുമാനിച്ചിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ചിറയിൻകീഴ്, കടയ്ക്കാവൂർ, വക്കം സ്ഥലങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണാക്കിയപ്പോൾ ആട്ടോ ഡ്രൈവർമാരുടെ കൈയിൽ പണമില്ലാതായി. തുടർന്നാണ് ഈ തീരുമാനം മാറ്റി വഴിയോരങ്ങളിലെ അനാഥർക്ക് ഉച്ചഭക്ഷണം എത്തിക്കാൻ തുടങ്ങിയത്. കൂലിക്ക് ഓടുന്ന ആട്ടോയിലാണ് അനിൽകുമാർ ഇവർക്ക് വേണ്ടി ഭക്ഷണം എത്തിക്കുന്നത്. അനിൽകുമാർ വാടക വീട്ടിലാണ് താമസം.