തിരുവനന്തപുരം:ജില്ലയിലെ തീരപ്രദേശത്തെ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കുമുള്ള പോഷകാഹാര പദ്ധതിയുമായി ജില്ലയിലെ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) യൂണിറ്റുകൾ. 'പോഷകതീരം' എന്ന് പേരിട്ട പദ്ധതിയുടെ ഭാഗമായി പോഷകാഹാര കിറ്റുകളുടെ വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു നിർവഹിച്ചു. എം. വിൻസെന്റ് എം.എൽ.എ കിറ്റുകൾ സ്വീകരിച്ചു. കൊവിഡ് ബോധവത്കരണ ലഘുലേഖയുടെ പ്രകാശനം എൻ.എസ്.എസ് പ്രോഗ്രാം കോ ഒാർഡിനേറ്റർ ഡോ. ജേക്കബ് ജോൺ നിർവഹിച്ചു. ജില്ലയിലെ 104 ഹയർസെക്കൻഡറി എൻ.എസ്.എസ് യൂണിറ്റുകളെ ഏകോപിപ്പിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചത്. അമൃതം പോഷകാഹാരത്തിന്റെ ആമച്ചലിലെ പ്രകൃതി ന്യൂട്രിമിക്സ് കുടുംബശ്രീ യൂണിറ്റാണ് പോഷകാഹാരം തയാറാക്കിയത്. സന്നദ്ധ സംഘടനയായ കോസ്റ്റൽ സ്റ്റുഡന്റ്സ് കൾചറൽ ഫോറത്തിന്റെ പിന്തുണയും പദ്ധതിക്കുണ്ട്. പദ്ധതിക്കു വേണ്ട തുക സംഭരിച്ചതും യൂണിറ്റിലെ വോളന്റിയർമാരാണ്.
കിറ്റ് ഉൾപ്പെടുന്ന ധാന്യങ്ങൾ
പയർ,പരിപ്പ്, ഉഴുന്ന്,അരി,സോയ,എള്ള്,കപ്പലണ്ടി,ഗോതമ്പ്,റാഗി,ഏലം
ഉപയോഗിക്കേണ്ട രീതി
പാലിലോ വെള്ളത്തിലോ കലക്കി മധുരം ചേർത്ത് ചെറുചൂടിൽ വേവിച്ച് ഉപയോഗിക്കാം
പദ്ധതിയുടെ പ്രയോജനം
കൊല്ലങ്കോട് മുതൽ കാപ്പിൽ വരെയുള്ള തീരപ്രദേശത്തെ 4770 ഗുണഭോക്താക്കൾക്ക്