aminity
അമിനിറ്റി സെൻറർ

കാരേറ്റ്: നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമായി പുളിമാത്ത് പഞ്ചായത്തിൽ കാരേറ്റ് നിർമിക്കുന്ന ലേഡീസ് ഫ്രണ്ട്ലി അമിനിറ്റി സെന്റർ യാഥാർത്ഥ്യത്തിലേക്ക്. 2018ൽ ആരംഭിച്ച പണി അനന്തമായി നീളുന്നതിനെ തുടർന്ന് കേരള കൗമുദി വാർത്ത നൽകിയിരുന്നു. 350 സ്ക്വയർ ഫീറ്റിൽ നിർമിക്കുന്ന അമിനിറ്റി സെന്ററിന് ആദ്യ ഗഡുവായി 15 ലക്ഷം രൂപ പദ്ധതി തുകയായി അനുവദിക്കുകയും 2018 സെപ്തംബറിൽ പണി ആരംഭിക്കുകയും ചെയ്തിരുന്നു. പന്ത്രണ്ട് മാസ കാലാവധിയിൽ പണി തുടങ്ങിയ 350 സ്ക്വയർ ഫീറ്റ് മാത്രമുള്ള കെട്ടിട നിർമ്മാണം പൂർത്തിയായില്ല എന്ന് മാത്രമല്ല വീണ്ടും പഞ്ചായത്ത് 10 ലക്ഷം കൂടി അനുവദിക്കുകയും കൂടി ചെയ്തിരിന്നു. 350 സ്ക്വയർ ഫീറ്റ് മാത്രം അളവുള്ള കെട്ടിടത്തിന് ഇത്രയും രൂപ അനുവദിച്ചിട്ടും പണി തീരാത്തതിലുള്ള ആശങ്കയും ജനങ്ങൾ പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ കാരേറ്റ് എത്തിയാൽ ഒരു വെയിറ്റിംഗ് ഷെഡോ കംഫർട്ട് സ്റ്റേഷനോ ഇല്ലാതെ ജനം ബുദ്ധിമുട്ടിയിരുന്നു. തിരുവനന്തപുരം മുതൽ കൊട്ടാരക്കര വരെയുള്ള സംസ്ഥാന പാതയിൽ ഇത്തരത്തിലുള്ളൊരു അമിനിറ്റി സെന്റർ അത്യാവശ്യമായിരുന്നു. വൈകിയാണെങ്കിലും ഇതിന്റെ പണി പൂർത്തിയായ സന്തോഷത്തിലാണ് യാത്രക്കാരും നാട്ടുകാരും.

സംസ്ഥാന സർക്കാരിന്റെ ടേക് എ ബ്രേക്ക് പദ്ധതി പ്രകാരം പൊതു ഇടങ്ങളിൽ സ്ത്രീ സൗഹൃദാന്തരീക്ഷത്തിൽ ആരംഭിച്ച പദ്ധതി

പണി ആരംഭിച്ചത് - 2018ൽ

കെട്ടിടത്തിനായി ചെലവഴിച്ചത് - 25 ലക്ഷം രൂപ

കെട്ടിടം പുളിമാത്ത് പഞ്ചായത്തിനും ബസ് സ്റ്റാൻഡിനും സമീപം

കെട്ടിടം മദർ ആൻഡ് ബേബി ഫ്രണ്ട്ലി

 മുലയൂട്ടൽ കേന്ദ്രം

 3 ടോയ്‌‌ലെറ്റ് കോംപ്ലക്സുകൾ

നാപ്കിൻ ഇൻസുലേറ്റർ

വെൻഡിംഗ് മെഷീൻ

വിശ്രമകേന്ദ്രം

വാട്ടർ എ.ടി.എം

മുകളിലത്തെ നിലയിൽ ജനകീയ ഹോട്ടൽ

കുടുംബശ്രീ പ്രവർത്തകരുടെ ഉത്പന്ന വിപണന വിതരണ കേന്ദ്രം എന്നിവ ലക്ഷ്യമാക്കിയാണ് കെട്ടിടനിർമ്മാണം ആരംഭിച്ചത്

കെട്ടിടത്തിന്റെ പണി പൂർത്തിയായി. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഉദ്ഘാടനം വൈകുന്നത്. ഉടൻ ജനങ്ങൾക്ക് തുറന്നു നൽകും.

ബി. വിഷ്ണു, പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ്.