പാലോട്: നന്ദിയോട് ഗ്രീൻ ആഡിറ്റോറിയത്തിൽ തയ്യാറാക്കിയിട്ടുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനസജ്ജമായി. 100 കിടക്കകളുള്ള ഇവിടെ ഡോക്ടർമാർ,സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ക്ലീനിംഗ് സ്റ്റാഫ്, ആംബുലൻസ് എന്നിവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. നടത്തിപ്പിനായി നോഡൽ ഓഫീസർ ഉണ്ടാകും. വെള്ളം, വൈദ്യുതി, ഭക്ഷണം എന്നീ അടിസ്ഥാന സൗകര്യങ്ങളും ഫ്രണ്ട് ഓഫീസ്, കൺസൾട്ടിംഗ് റൂം, നഴ്സിംഗ് സ്റ്റേഷൻ, ഫാർമസി, ഒബ്സർവേഷൻ റൂം, മൊബൈൽ ചാർജിംഗ് പോയിന്റ് എന്നിവയും സജ്ജമാക്കി. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സൗകര്യങ്ങളാണ്. ഈ ആഴ്ച തന്നെ രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. നന്ദിയോട് പഞ്ചായത്തിലെ ഹോട്ട്സ്പോട്ടായ ആലുങ്കുഴി, കള്ളിപ്പാറ എന്നിവിടങ്ങളിലെ എല്ലാ വീടുകളിലും ഇന്ന് മുതൽ ആശാവർക്കർമാരെത്തി പനി, ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങളുള്ളവരെ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കും. മീൻമുട്ടി വാർഡിൽ കൊവിഡ് പോസിറ്റീവായ രോഗിക്ക് കഴിഞ്ഞ ദിവസം നടന്ന ടെസ്റ്റിൽ ഫലം നെഗറ്റീവാണ്. അതേസമയം രോഗികളുടെ സമ്പർക്ക പട്ടികയിലുള്ളവർ വീടുകളിൽ നിരീക്ഷണത്തിൽ തുടരണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.