തിരുവനന്തപുരം: കൊവിഡ് ബാധിതരാകുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം പ്രതിദിനം കൂടിവരുന്ന പശ്ചാത്തലത്തിൽ അവർക്ക് പ്രത്യേക പരിഗണന നൽകാത്തത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നു.
പത്തു ദിവസത്തിനിടെ 196 പേരാണ് കൊവിഡ് ബാധിതരായത്. ഇവർക്ക് പ്രത്യേക പരിഗണന കൂടിയേ തീരൂ.എല്ലാ ജില്ലകളിലും പ്രത്യേകം നിരീക്ഷണ കേന്ദ്രങ്ങൾ സജ്ജമാക്കണമെന്നാണ് ആവശ്യം.
ഭൂരിഭാഗം പേർക്കും ലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ മറ്റുള്ളവർക്കൊപ്പം ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളിലാണ് പാർപ്പിക്കുന്നത്. അവിടെ എത്തിക്കുന്നതും രോഗം സ്ഥിരീകരിച്ച് ഏറെ വൈകിയാണ്. തലസ്ഥാനത്ത് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച സർക്കാർ ആശുപത്രി ജീവനക്കാരിയെ മൂന്ന് ദിവസത്തിന് ശേഷമാണ് ഫസ്റ്റ്‌ലൈൻ സെന്ററിലേക്ക് മാറ്റിയത്.
യാതൊരു പരിഗണനയും ഇല്ലാതെ, മറ്റുള്ള രോഗികൾക്കൊപ്പം പാർപ്പിക്കുന്നത് മാനസിക ബുദ്ധിമുട്ട് ഉണ്ടാകുന്നതായി രോഗമുക്തി നേടിയ ആരോഗ്യപ്രവർത്തകർ പറയുന്നു.
പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലാക്കിയാൽ രോഗാവസ്ഥയിലും പരസ്പരം താങ്ങാവാൻ ഇവർക്കാവും. കൂടുതൽ കരുത്തോടെ പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് മടങ്ങിവരാനുള്ള മാനസികോർജവും ഇതു നൽകും.
പരിശോധനയ്ക്ക് മടിക്കുന്നു
കൊവിഡ് ഫലം പോസിറ്റീവായാലുള്ള സ്ഥിതി കണക്കിലെടുത്ത് ആരോഗ്യപ്രവർത്തകർ പലരും ലക്ഷണം തോന്നിയാൽ സ്വയം നിരീക്ഷണത്തിൽ പോകുകയാണ്. 14 ദിവസത്തിന് ശേഷം മടങ്ങിയെത്തും.
പത്തുദിവസത്തിനിടെ 224 ആരോഗ്യപ്രവർത്തകർ
10 ദിവസത്തിനിടെ കൊവിഡ് ബാധിതരായ ആരോഗ്യപ്രവർത്തകർ (18 മുതൽ ഇന്നലെ വരെ) തിരുവനന്തപുരം- 83, കണ്ണൂർ- 49, എറണാകുളം- 20, ആലപ്പുഴ- 13, മലപ്പുറം- 9, ഇടുക്കി- 9, കൊല്ലം- 8, കോഴിക്കോട്- 8, കാസർകോട്- 7, പത്തനംതിട്ട- 7, കോട്ടയം- 6, തൃശൂർ- 2, വയനാട്- 2, പാലക്കാട്- 1. ആകെ- 224.
'ശാരീരികമായി തളർന്നിരിക്കുന്നവർ രോഗംബാധിച്ചാൽ മാനസികമായും തളരും. ആരോഗ്യപ്രവർത്തകരെ പാർപ്പിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ അനിവാര്യം.'
-ഡോ.എബ്രഹാം വർഗീസ്
സംസ്ഥാന പ്രസിഡന്റ്,
ഐ.എം.എ
'പ്രത്യേക ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്റർ സജ്ജമാക്കുകയോ വീടുകളിൽ സൗകര്യമുണ്ടെങ്കിൽ അവിടെ കഴിയാൻ അനുവദിക്കുകയോ വേണം.'
-ഡോ. ജി.എസ്.വിജയകൃഷ്ണൻ
ജനറൽ സെക്രട്ടറി,
കെ.ജി.എം.ഒ.എ
പി.പി.ഇ കിറ്റ് ആവശ്യത്തിനില്ല;
ഉപയോഗിച്ചത് തന്നെ വീണ്ടും
തിരുവനന്തപുരം: പി.പി.ഇ കിറ്റുകളുടെ അഭാവവും ഉപയോഗിച്ച കിറ്റുകൾ വീണ്ടും ധരിക്കുന്നതും ആരോഗ്യപ്രവർത്തകരെ കൊവിഡ് രോഗികളാക്കുന്നു. രോഗികളെ പരിചരിച്ചരിക്കുമ്പോഴോ കൊവിഡ് ഡ്യൂട്ടിയിലുള്ള സഹപ്രവർത്തകരുമായി ഇടപഴകുമ്പോഴോ ആണ് 70 ശതമാനം പേർക്കും രോഗമുണ്ടായത്. പി.പി.ഇ കിറ്റുകളുടെ അഭാവവും തെറ്റായ ഉപയോഗവും കാരണം 14ശതമാനം പേരെ രോഗികളാക്കി.
കിറ്റുകൾക്ക് ക്ഷാമമില്ലെങ്കിലും മെഡിക്കൽ കോളേജുകളിലുൾപ്പെടെ പലയിടത്തും ആരോഗ്യപ്രവർത്തകർക്ക് ആവശ്യാനുസരണം ഇവ ലഭ്യമാക്കുന്നില്ലെന്ന് പരാതിയുണ്ട്. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് ഇത് ശരിവയ്ക്കുന്നു.
കിറ്റുകൾ ലഭ്യമാകുന്നില്ലെന്ന് മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥികളടക്കം പരാതിപ്പെടുന്നുണ്ട്. ജൂലായ് 20 വരെ രോഗബാധിതരായ ആരോഗ്യപ്രവർത്തകരിലാണ് പഠനം നടത്തിയത്. ആരോഗ്യപ്രവർത്തകരുടെ നേരിയ അശ്രദ്ധയും രോഗപകർച്ചയ്ക്ക് കാരണമായെന്ന് കണ്ടെത്തിയിട്ടുണ്ട്. ജോലിക്കിടെ ഭക്ഷണം കഴിക്കുന്ന രീതി, സഹപ്രവർത്തകരുമായി കൂട്ടംകൂടൽ എന്നിവയിലൂടെ എട്ട് ശതമാനം ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. കൂടുതൽ ഡോക്ടർമാർക്ക് രോഗം പകർന്നതും തിരുവനന്തപുരത്താണ്.
രോഗികളിൽ കൂടുതൽ നഴ്സുമാർ
രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകർ- 267
നഴ്സുമാർ- 62 (23%)
ഡോക്ടർമാർ- 47 പേർ (18%)
ആശാവർക്കർമാർ- 34
ഓഫീസ് സ്റ്റാഫുകൾ- 38
പാരാമെഡിക്കൽ ജീവനക്കാർ- 31
ഫീൽഡ് സ്റ്റാഫ്- 28
നഴ്സിംഗ് അസിസ്റ്റന്റ്, അറ്റൻഡർമാർ- 27
കൂടുതൽ പേർ തിരുവനന്തപുരത്ത്-
വയനാട്- 1