തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ ആമയിഴഞ്ചാൻ തോട്ടിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ മേയർ കെ. ശ്രീകുമാർ വിലയിരുത്തി. തമ്പാനൂർ മസ്ജിദ് പരിസരത്ത് നിന്നും പാറ്റൂർ വരെയുള്ള തോടിന്റെ മണ്ണും മാലിന്യവും നീക്കം ചെയ്‌ത് നീരൊഴുക്ക് സുഗമമാക്കുന്ന ആദ്യഘട്ടം പൂർത്തിയായി. ഇതിനായി ഒരു കോടി രൂപയാണ് നഗരസഭ അനുവദിച്ചത്. സംരക്ഷണ ഭിത്തി തകർന്ന സ്ഥലങ്ങൾ പുനർനിർമ്മാണം നടത്തി പൂർവ സ്ഥിതിയിലാക്കുന്ന ജോലികളും പുരോഗമിക്കുന്നു. നഗരസഭയുടെ എൻജിനിയറിംഗ് വിഭാഗമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പാറ്റൂർ മുതൽ കണ്ണമ്മൂല വരെയുള്ള ആമയിഴഞ്ചാൻ തോടിന്റെ ശുചീകരണം ഉടൻ ആരംഭിക്കുമെന്ന് മേയർ പറഞ്ഞു. ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചു. ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ പിടികൂടാൻ പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സി.സി ടിവി കാമറകൾ സ്ഥാപിക്കാൻ പദ്ധതി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.