secreteriet

തിരുവനന്തപുരം: പദ്ധതിരേഖ തയ്യാറാക്കാനും സാങ്കേതിക വൈദഗ്ദ്ധ്യം വേണ്ടിടത്തുമാണ് സർക്കാരുകൾ മുൻപ് കൺസൾട്ടൻസികളെ ഉപയോഗിച്ചിരുന്നതെങ്കിൽ, പദ്ധതി ആലോചിക്കുമ്പോഴേ കൺസൾട്ടൻസിയെ നിശ്ചയിക്കുന്നതാണ് പുതിയ രീതി.

കൊച്ചിയിലും തിരുവനന്തപുരത്തും ദുബായ് മോഡൽ സ്‌മാർട്ട് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് സർക്കാർ ആലോചന തുടങ്ങിയപ്പോഴേക്കും ,കൺസൾട്ടൻസികൾ തിരുവനന്തപുരത്ത് പറന്നെത്തി. കണ്ണൂർ വിമാനത്താവളമടക്കം നിരവധി കമ്പനികൾ എങ്ങനെ ലാഭകരമാക്കാമെന്ന് ഉപദേശം നൽകാനുമുണ്ട് കോടികൾ പ്രതിഫലം പറ്റുന്ന കൺസൾട്ടൻസികൾ.

പ്രവാസി നിക്ഷേപം ആകർഷിച്ച് അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നടപ്പാക്കാൻ നോർക്കയ്ക്ക് കീഴിലുള്ള ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിംഗ്സ് കമ്പനിയിലേക്ക് ഇനിയും കാര്യമായ നിക്ഷേപമൊന്നുമെത്തിയില്ല..എങ്കിലും,പ്രൈസ് വാട്ടർഹൗസ് കൂപ്പറിനെ പ്രതിമാസം 15.56 ലക്ഷം രൂപയ്ക്ക് കൺസൾട്ടൻസിയായി നിയമിച്ചു. വിവാദമായതോടെ, കരാർ പുതുക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറി ..കേന്ദ്രാനുമതിയാവാത്ത, തിരുവനന്തപുരം- കാസർകോട് അതിവേഗ റെയിൽപ്പാതയ്ക്ക് ഭൂമിയേറ്റെടുക്കാനും പാതയൊരുക്കാനും കൺസൾട്ടൻസികൾ ക്യൂ നിൽക്കുന്നു. ഇതിന് കൂടി വേണ്ടിയാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പറിന് സെക്രട്ടേറിയറ്റിൽ ഓഫീസ് അനുവദിക്കാൻ ഗതാഗത സെക്രട്ടറി ശുപാർശ ചെയ്തത്.

കൺസൾട്ടൻസി പണത്തിന്

ലോകബാങ്ക് വായ്പയും

റീബിൽ‌ഡ് കേരളയിൽ നെതർലാന്റ്സ് ആസ്ഥാനമായ കെ.പി.എം.ജിയെ ടെൻഡറില്ലാതെ കൺസൾട്ടൻസിയാക്കിയത് വിവാദമായതോടെ, രണ്ടാമത് നടപടിക്രമങ്ങളെല്ലാം പാലിച്ച് 6.82 കോടിക്ക് കൺസൾട്ടന്റാക്കി. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് പ്രോജക്ട് രണ്ടാംഘട്ടത്തിന് ലോകബാങ്ക് വായ്പയായി നൽകിയ രണ്ട് ദശലക്ഷം ഡോളറിൽ (15,11,91,000രൂപ) നിന്നാണ് കൺസൾട്ടൻസി തുക നൽകുന്നത്.. ലൈറ്റ്മെട്രോയുടെ ഭാഗമായി തിരുവനന്തപുരത്ത് പട്ടം, ഉള്ളൂർ, ശ്രീകാര്യം ഫ്ലൈഓവറുകളുടെ ഡിസൈൻ ഡി.എം.ആർ.സി തയ്യാറാക്കിയിട്ടും, സാങ്കേതിക സഹായത്തിന് നോയിഡയിലെ കമ്പനിയെ കൺസൾട്ടൻസിയാക്കി.

വീട്ടിൽ 'സ്വർണം'

വച്ചിട്ടെന്തിന്?

*പൊതുമരാമത്ത് , തദ്ദേശഭരണ എൻജിനീയറിംഗ് വിഭാഗങ്ങൾക്ക് നിർമ്മാണ പ്രവർത്തനങ്ങളിൽ വേണ്ടത്ര വൈദഗ്ദ്ധ്യമുണ്ട്.

* ആയിരക്കണക്കിന് നിർമ്മിതികൾ നടത്തി പരിചയമുള്ള എൻജിനീയർമാരും ആർക്കിടെക്ടുകളും സർക്കാരിൽ

നിരവധി

* ഭവന നിർമ്മാണ ബോർഡ്, നിർമ്മിതി കേന്ദ്രം തുടങ്ങിയവയിലും നിർമ്മാണങ്ങൾക്ക് സാങ്കേതിക ഉപദേശം നൽകാൻ വിദഗ്ദ്ധരേറെ..