veed

മാഹി: എ.ഐ.എ.ഡി.എം.കെ. മാഹി മേഖലാ കൺവീനറും കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയുമായിരുന്ന സി.കെ. ഭാസ്കരന്റെ വീടും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ടാറ്റാ നെക്‌സോൺ കാറും തകർത്തു. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് ഇരുപതോളം വരുന്ന അക്രമിസംഘമാണ് വെസ്റ്റ് പള്ളൂരിലെ ഡോ: അംബേദ്ക്കർ സ്കൂളിനടുത്തുള്ള 'ഗോകുലം' വീട് മാരകായുധങ്ങളുപയോഗിച്ച് തല്ലിത്തകർത്തത്. വീടിന്റെ നാലു ഭാഗത്തുമുള്ള ഇരുപതോളം ജനൽചില്ലുകളും മകൻ സജേഷിന്റെ കാറിന്റെ ചില്ലുകളും തകർത്തിട്ടുണ്ട്.

വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്ന ഭാസ്‌കരന്റെ ഭാര്യയും മാഹി ആരോഗ്യ വകുപ്പിലെ ജീവനക്കാരിയുമായ ശൈലജ (57)യുടെയും മകൾ നിമ്മി (33)യുടേയും കാലിന് ജനൽചീളുകൾ തെറിച്ചുവീണ് പരിക്കേറ്റു. ഇവർ പള്ളൂർ ഗവ. ആശുപത്രിയിൽ ചികിത്സതേടി.

സജേഷ് ബി.ജെ.പി.അനുഭാവിയാണ്. സംഭവത്തിനു തൊട്ടുമുമ്പ് റോഡിൽ സി.പി.എം - ബി.ജെ.പി.പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. യുവമോർച്ച തലശ്ശേരി മണ്ഡലം പ്രസിഡന്റ് പ്രജീഷിനെ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്തതായി പൊലീസിൽ പരാതിയുണ്ട്. പൊലീസെത്തി രംഗം ശാന്തമാക്കിയതിനു ശേഷമാണ് രാത്രി പതിനൊന്നേമുക്കാലോടെ വീടിനുനേരേ ആക്രമണം നടന്നത്.
വിവരമറിഞ്ഞ് പള്ളൂർ പൊലീസ് സംഭവസ്ഥലത്തെത്തിയിരുന്നു.

സജേഷിന്റെ പരാതിയിൽ 11 സി.പി.എം പ്രവർത്തകർക്കെതിരെ പള്ളൂർ പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി. ഇവിടെ ശക്തമായ പൊലീസ് സന്നാഹമേർപ്പെടുത്തിയിട്ടുണ്ട്.