നാഗർകോവിൽ: സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളെ തുടർന്ന്, തമിഴ് നടി വിജയ ലക്ഷ്മി ജീവനൊടുക്കാൻ ശ്രമിച്ചു. അമിത അളവിൽ രക്ത സമ്മർദ്ദത്തിന്റെ ഗുളിക കഴിച്ച നടിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനൊടുക്കുകയാണെന്ന് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ആത്മഹത്യാ ശ്രമം. ഞാൻ രക്തസമ്മർദ്ദത്തിന്റെ ഗുളിക കഴിച്ചു. അൽപസമയത്തിന് ശേഷം രക്തസമ്മർദ്ദം കുറയുമെന്നും താൻ മരിക്കുമെന്നും അവർ പറഞ്ഞു. നാം തമിഴർ പാർട്ടി നേതാവ് സീമാനും, പാണങ്കാട്ട് പാടൈയുടെ ഹരി നാടാറും, ഇവരുടെ അനുയായികളും ചേർന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ നിരന്തരം അപമാനിക്കുകയാണെന്ന് വിജയ ലക്ഷ്മി പറയുന്നു. ഇതെന്റെ അവസാന വീഡിയോ ആണെന്ന് താരം ലൈവിൽ അറിയിച്ചു. കഴിഞ്ഞ നാലുമാസമായി സീമാനും പാർട്ടി അണികളും അപമാനിക്കുകയാണ്, കുടുംബത്തെയോർത്താണ് പിടിച്ചുനിന്നതെന്നും അവർ പറഞ്ഞു.