തിരുവനന്തപുരം: ട്രോളിംഗ് നിരോധനം 31 ന് അവസാനിച്ചാലും സംസ്ഥാനത്ത് മത്സ്യബന്ധനം പഴയപടിയാകാൻ വീണ്ടും നാളുകളെടുക്കും. ബോട്ടുകൾക്ക് കടലിൽ പോകാനോ, മറ്റ് സംസ്ഥാനങ്ങളിലെ ബോട്ടുകൾക്ക് കേരള തീരത്തെത്താനോ സാധിക്കില്ല. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിലവിൽ മത്സ്യബന്ധനത്തിനുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു.
തീരദേശത്ത് കൊവിഡ് വ്യാപനം ആശങ്കാജനകമായിരിക്ക, അന്യസംസ്ഥാന ബോട്ടുകൾ കൂടിയെത്തിയാൽ സ്ഥിതി കൂടുതൽ രൂക്ഷമാവും. ബോട്ടുകളിൽ സാമൂഹിക അകലം പാലിക്കാനാവില്ല. രോഗബാധിതർ ഹാർബറുകളിലെത്തുന്നതും അപകടകരമാണ്. മത്സ്യവിപണനത്തിന് പുറത്തുനിന്നുള്ളവരെത്തുന്നതോടെ നീണ്ടകര, എറണാകുളം, ബേപ്പൂർ എന്നിവിടങ്ങളിലുൾപ്പെടെ സ്ഥിതി കൂടുതൽ ഗുരുതരമാവും.
52 ദിവസത്തെ ട്രോളിംഗ് നിരോധനം ജൂൺ 9നാണ് ആരംഭിച്ചത്. നിരോധനകാലയളവിലും പരമ്പരാഗത വള്ളങ്ങൾക്ക് കടലിൽ പോകാൻ അനുമതിയുണ്ടെങ്കിലും കൊവിഡ് വ്യാപനം കണക്കിലെടുത്ത് സർക്കാർ ഇത് നിരോധിച്ചു. പിന്നാലെ, കൊവിഡ് നിയന്ത്രണങ്ങളും വന്നതോടെ തീരദേശം വറുതിയിലായി. കൊവിഡ് ബാധിത സ്ഥലങ്ങളിൽ നിന്ന് മറ്റ് ജോലികൾക്ക് പോകാനുമാവില്ല. സർക്കാർ സൗജന്യമായി നൽകിയ അഞ്ച് കിലോ റേഷനരിയും അപര്യാപ്തമാണ്.
. 'മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാണ് . സൗജന്യ റേഷനു പുറമെ മറ്റ് സഹായങ്ങൾ ലഭ്യമാക്കാൻ സർക്കാർ തയ്യാറാവണം'.
- ടി. പീറ്റർ,
നാഷണൽ ഫിഷ് വർക്കേഴ്സ്
ഫോറം ജനറൽ സെക്രട്ടറി