containment

ബാലരാമപുരം: ബാലരാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം അഞ്ചായി. ബാലരാമപുരം പഞ്ചായത്തിലെ തലയൽ,​ ഇടമനക്കുഴി,​ ടൗൺ,​ പനയറക്കുന്ന്, വെങ്ങാനൂർ പഞ്ചായത്തിലെ പെരിങ്ങമല വാർഡുമാണ് കണ്ടെയ്ൻമെന്റ് സോണായി മാറിയത്. മാസ്ക് ധരിക്കാതെ നിരത്തിലിറങ്ങിയ പതിനെട്ടോളം പേരെ ബാലരാമപുരം പൊലീസ് ഇന്നലെ പിടികൂടി. ജാഗ്രതാനിർദ്ദേശങ്ങൾ കൈമാറിയിട്ടും ശരാശരി അഞ്ച് പേരെ വീതം ഇത്തരത്തിൽ ബാലരാമപുരം പൊലീസ് പിടികൂടുന്നുണ്ട്. ഹൈക്കോടതി നിർദ്ദേശ പ്രകാരം മാസ്ക് ധരിക്കാത്തതിന് 200 രൂപയും അനധികൃത ബൈക്ക് സവാരിക്ക് രണ്ടായിരം രൂപയുമാണ് പൊലീസ് പിഴയിടുന്നത്. ഇന്നലെ പനയറക്കുന്ന് വാർഡിൽ 20 ദിവസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബാലരാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അഞ്ച് വാർഡുകളിൽ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 13 കേസുകൾ ബാലരാമപുരം പഞ്ചായത്തിലും അഞ്ചെണ്ണം വെങ്ങാനൂർ പഞ്ചായത്ത് പരിധിയിലുമാണ്. നിരീക്ഷണത്തിൽ കഴിയുന്ന രോഗികളുടെ കാര്യത്തിലും ജാഗ്രത പുലർത്തുന്നുവെന്നും രോഗലക്ഷണമുള്ളവരെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുന്നുവെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.