kudumbasree-logo

തിരുവനന്തപുരം: അഭ്യസ്തവിദ്യരായവർക്ക് ആഗ്രഹിച്ച മേഖലയിൽ തൊഴിൽ നേടാൻ സഹായകരമാകുന്ന 'കണക്ട് ടു വർക്ക്' പദ്ധതിയുമായി കുടുംബശ്രീ. 5000 പേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഫിനിഷിംഗ് സ്‌കൂൾ മാതൃകയിലായിരിക്കും പ്രവർത്തനങ്ങൾ.

ബിരുദം, ബിരുദാനന്തര ബിരുദം, പോളിടെക്നിക് ഡിപ്‌ളോമ, ഐ.ടി.ഐ യോഗ്യത നേടിയ 35 വയസിൽ താഴെയുള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം. പരിശീലനാർത്ഥിയുടെ കുടുംബത്തിലെ ഒരാളെങ്കിലും കുടുംബശ്രീ അംഗമായിരിക്കണം.

റീബിൽഡ് കേരളയുടെ ഭാഗമായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത സി.ഡി.എസുകളിലാകും നടപ്പാക്കുക. കൊവിഡ് പ്രതിസന്ധി അവസാനിച്ച ശേഷം സർക്കാരിന്റെ നിർദ്ദേശം ലഭ്യമാകുന്ന മുറയ്ക്ക് പരിശീലന പരിപാടി ആരംഭിക്കും. അസാപുമായി (അഡിഷണൽ സ്‌കിൽസ് അക്വിസിഷൻ പ്രോഗ്രാം) കരാറിലെത്തിയിട്ടുണ്ട്.
152 ബ്‌ളോക്കുകളിൽ നിന്നും ഒന്നു വീതം എന്ന കണക്കിൽ ആകെ 152 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. ഓരോ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുത്ത 33 പേർക്ക് വീതം പരിശീലനം ലഭിക്കും.
ഗ്രാമപഞ്ചായത്തുകളുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി പരിശീലനം സംഘടിപ്പിക്കാനാണ് സി.ഡി.എസുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പരിശീലന പരിപാടിക്കാവശ്യമായ കമ്പ്യൂട്ടർ, പ്രോജക്ടർ, മേശ, കസേര, പരിശീലനാർത്ഥികൾക്കുള്ള യാത്രാബത്ത, പരിശീലനം ഏകോപിപ്പിക്കുന്നതിനു വേണ്ടി തിരഞ്ഞെടുത്ത റിസോഴ്സ് പേഴ്സൺമാർക്കുള്ള ഓണറേറിയം എന്നിവയ്ക്കായി 2,10,000 രൂപ വീതം ഓരോ സി.ഡി.എസിനും അനുവദിച്ചു.