തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തലസ്ഥാനത്തിന്റെ ആശങ്കയ്ക്ക് ശമനമില്ല. ഇന്നലെയും ജില്ലയിൽ സ്ഥിരീകരിച്ച രോഗികൾ ഏറ്റവുമധികമുള്ളത് നഗരപരിസരത്താണ്. നഗര പ്രദേശത്തെ തീരദേശമുൾപ്പടെ 80 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ ഭൂരിഭാഗവും സമ്പർഗത്തിലൂടെയാണ്. ക്രട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവരാണ് ഇതിൽ കൂടുതലും. കണ്ടെയെന്റമെന്റ് സോണിലടക്കം പരിശോധന വർദ്ധിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയാൽ സമ്പർക്കരോഗവ്യാപനത്തിന്റെ അളവ് കുറയ്ക്കാൻ കഴിയും.
14 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്
തിരുവനന്തപുരത്ത് പതിന്നാല് ആരോഗ്യപ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ ഉൾപ്പടെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്ക പട്ടികയിലുള്ള 10 പേരെ നിരീക്ഷണത്തിലാക്കി. പുലയനാർക്കോട്ട നെഞ്ചുരോഗ ആശുപത്രിയിലും ഡോക്ടർ ഉൾപ്പടെ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പബ്ലിക്ക് ഹെൽത്ത് ലാബിലെ ഒരു ജീവനക്കാരനും കണ്ണാശുപത്രിയിലെ ഒരു നഴ്സിംഗ് അസിസ്റ്റന്റിനും രോഗം പിടിപെട്ടു. ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുകയും അവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ നിരീക്ഷണത്തിലാക്കിയതോടെ ജീവനക്കാരുടെക്ഷാമവും പ്രതിരോധ പ്രവർത്തനത്തിനും കനത്ത വെല്ലുവിളി നേരിടുകയാണ്.
രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ്
എസ്.എ.പി ക്യാമ്പിൽ പരിശീലനം നടത്തിയിരുന്ന ഒരു ട്രെയിനി പൊലീസുകാരനും പൂന്തുറ സ്റ്റേഷനിലെ ഒരു പൊലിസുകാരനും രോഗം സ്ഥിരീകരിച്ചു.എ സ്.എ.പി ക്യാമ്പിലെ കാഞ്ഞിരംകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് അഞ്ച് ദിവസം മുമ്പ് എസ്.എ.പി ക്യാമ്പിലെ പൊലീസുകാരന്റെ സ്രവം ശേഖരിച്ചിരുന്നങ്കിലും മറ്റ് ട്രെയിനികൾക്കൊപ്പമാണ് ഇദ്ദേഹത്തെയും താമസിപ്പിച്ചിരുന്നത്. എന്നാൽ സ്ഥിരീകരിക്കുന്നതു വരെ ഇയാളെ മാറ്റിപ്പാർപ്പിക്കുന്നില്ലെന്നും പൊലീസുകാർക്കിടയിൽ പരാതിയുണ്ട്. ക്യാമ്പിലെ 235 പേർക്ക് ഇന്നലെ അടിയന്തര സ്രവപരിശോധ നടത്തിയതിൽ എല്ലാവർക്കും ഫലം നെഗറ്റീവാണ്. പേരൂർക്കട ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. തൈക്കാട് ശാന്തികവാടത്തിലെ ഒരു ജീവനക്കാരിക്കും അട്ടക്കുളങ്ങരയിലെ രാമചന്ദ്രൻസ് വ്യാപാരശാലയിലെ രണ്ട് ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു.
ചാലക്കമ്പോളത്തിൽ കർശന നിയന്ത്രണം തുടരും
ചാലക്കമ്പോളത്തിൽ നിയന്ത്രണം കർശനമായി തുടരുമെന്ന് ജില്ല കളക്ടർ നവജ്യോത് ഖോസ അറിയിച്ചു. കൂടുതൽ നിയന്ത്രണങ്ങൾ വേണമോ എന്നത് ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തും. ഇത് സംബന്ധിച്ച് ഇന്ന് നിർദ്ദേശങ്ങൾ നൽകുമെന്നും കളക്ടർ അറിയിച്ചു. നിയന്ത്രണങ്ങളെ സംബന്ധിച്ച് വ്യാപാരികൾക്കും അവ്യക്ത നിലനിൽക്കുന്നുണ്ട്. രാവിലെ 7 മുതൽ ഉചയ്ക്ക് 1വരെയാണ് കടകൾ തുറന്ന് പ്രവർത്തിക്കാവുന്ന സമയം. നിശ്ചിത സമയത്തിന് ശേഷം കമ്പോളത്തിൽ ആരും നിൽക്കരുതെന്നാണ് ഫോർട്ട് പൊലീസിന്റെ അറിയിപ്പ്. ഇതു കാരണം വ്യാപാരികൾക്ക് സമയത്ത് സ്റ്റോക്ക് എടുക്കാൻ പറ്റാത്ത സാഹചര്യമുണ്ടെന്ന് പരാതികളും ഉയരുന്നുണ്ട്.
നഗരത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കണ്ടെയെൻമെന്റ് സോണുകളിലടക്കം കർശന പരിശോധന നടത്താനായി നിർദ്ദേശം നൽകിയട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.