തിരുവനന്തപുരം: ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികൾക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി എന്നിവർ കെ.പി.സി.സി ആസ്ഥാനത്ത് സത്യഗ്രഹം നടത്തി.
ജനാധിപത്യ ബോധമില്ലാത്തവരാണ് ബി.ജെ.പിക്കാരെന്നും മോദി സർക്കാർ അധികാരത്തിലെത്തിയത് മുതൽ ജാനാധിപത്യവിരുദ്ധ പ്രവർത്തികളാണ് നടത്തുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ജനാധിപത്യത്തെ കുഴിച്ചുമൂടുകയെന്ന ലക്ഷ്യമാണ് ബി.ജെ.പി,ആർ.എസ്.എസ് ലക്ഷ്യമെന്നും ഗവർണ്ണർമാർ ഭരണഘടനയുടെ ആരാച്ചാർമാരാകുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ബി.ജെ.പിയും നരേന്ദ്രമോദി സർക്കാരും ജനാധിപത്യത്തെ കശാപ്പുചെയ്യുന്നുവെന്നും എത്ര ശ്രമിച്ചാലും അന്തിമവിജയം ജനാധിപത്യത്തിനായിരിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.