പാലോട്. ചെല്ലഞ്ചിയാറ്റിൽ കുളിക്കാനിറങ്ങിയ യുവാക്കൾ കരയ്ക്ക് കയറാനാവാതെ അകപ്പെട്ടു. സമീപത്തെ മീൻമുട്ടി ഡാം തുറന്നതോടെ ആറ്റിലെ ജലനിരപ്പ് ഉയരുകയും കരയ്ക്കു കയറാനാകാതെ യുവാക്കൾ പാറപ്പുറത്ത് അകപ്പെടുകയുമായിരുന്നു. വെമ്പായം സ്വദേശികളായ രണ്ടുപേരാണ് കുളിക്കാനിറങ്ങിയത്. പാലം കാണാനും ആറ്റിൽ കുളിക്കാനുമായാണ് തിങ്കളാഴ്ച വൈകിട്ട് ഇവർ ചെല്ലഞ്ചിയിലെത്തിയത്. ദിവസേന മീൻമുട്ടി ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്ന സമയത്ത് സമീപത്തുള്ള ആറുകളിലെല്ലാം ജലനിരപ്പ് ഉയരുകയും ഒഴുക്ക് വർദ്ധിക്കുകയും ചെയ്യും. ഒരുമണിക്കൂറോളം ഈ സ്ഥിതി തുടരും. പുറത്തുനിന്ന് എത്തിയവരായതിനാൽ യുവാക്കൾക്ക് ഇതറിവുണ്ടായിരുന്നില്ല. കുളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ വെള്ളം പൊങ്ങിയതോടെ നീന്തലറിയാത്ത യുവാക്കൾ കരയ്ക്ക് കയറാനാകാതെ ഭയപ്പെട്ടു. ആറ്റിനു നടുവിലെ പാറപ്പുറത്ത് കയറിനിന്ന് നിലവിളിച്ചു. നാട്ടുകാർ ഓടിയെത്തുകയും ട്യൂബും വടവും ഉപയോഗിച്ച് രക്ഷപ്പെടുത്തുകയുമായിരുന്നു. ഫയർഫോഴ്സും സ്ഥലത്തെത്തി. .