തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല . വിരമിക്കൽ പ്രായം കഴിയുന്നവരെ കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ ജോലിയിൽ തുടരാൻ അനുവദിക്കില്ലെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.ചെലവ് ചുരുക്കൽ കമ്മിറ്റി എന്ത് ശുപാർശ ചെയ്താലും ,ഇക്കാര്യത്തിൽ എൽ.ഡി.എഫ് നയത്തിന് വിരുദ്ധമായ നിലപാടെടുക്കില്ല. റിട്ടയർ ചെയ്യുന്നവർക്കുള്ള ആനുകൂല്യം തത്കാലം നൽകാതിരിക്കാൻ അവരെ അതേ ശമ്പള നിരക്കിൽ കരാറടിസ്ഥാനത്തിൽ നിയമിക്കാമെന്നായിരുന്നു മുൻ ചീഫ് സെക്രട്ടറി കെ.എം.അബ്രഹാമിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ശുപാർശകളിലൊന്ന്. ഇങ്ങനെ നിയമിക്കപ്പെടുന്നവർക്ക് പുനർനിയമന കാലാവധി കഴിയുന്നത് വരെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നൽകേണ്ടതില്ല. എന്നാൽ, ഇത് സർക്കാർ അംഗീകരിച്ചില്ല
പെൻഷൻ പ്രായം ഉയർത്തുമെന്ന അഭ്യൂഹങ്ങളെ തുടർന്ന്, റിട്ടയർ ചെയ്ത ജീവനക്കാരുടെ പെൻഷൻ രേഖകൾ പോലും ഏജീസ് ഓഫീസിലെത്തിക്കാൻ വൈകിയിരുന്നു. സർക്കാർ ഇക്കാര്യത്തിൽ വ്യക്ത വരുത്തിയതോടെ അഭ്യൂഹങ്ങളും ഇല്ലാതായി. അതേ സമയം പതിനൊന്നാം ശമ്പള കമ്മിഷൻ തെളിവെടുപ്പ് നീട്ടിവച്ചിട്ടുണ്ട്.