vandana

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ കഴിഞ്ഞ രണ്ടു ദിവസവും ചോദ്യശരങ്ങളെയ്ത് വട്ടംകറക്കിയത് ഒരു വനിതാ ഓഫീസറാണ്. എൻ.ഐ.എ ദക്ഷിണേന്ത്യൻ ടീമിന്റെ തലപ്പത്തുള്ള അതിസമർത്ഥയായ ഡി.ഐ.ജി കെ.ബി.വന്ദന. ഹൈദരാബാദിലെ ഓഫീസിലിരുന്ന് വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ചോദ്യശരങ്ങൾ.

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദക്ഷിണമേഖലാ ഡി.ഐ.ജിയാണ്. സ്വർണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും അപഗ്രഥിച്ച് ശിവശങ്കറിൽ നിന്ന് സത്യം കണ്ടെത്തുകയാണ് 41 കാരിയായ വന്ദനയുടെ ദൗത്യം.

2004 ബാച്ച് ഐ.പി.എസുകാരിയായ വന്ദന ആന്ധ്രാപ്രദേശ് സ്വദേശിയാണ്. പിതാവ് തമിഴ്നാട്ടിൽ എ.ഡി.ജിപിയായിരുന്നു. സ്കൂൾ, കോളേജ് പഠനം തമിഴ്നാട്ടിലായിരുന്നതിനാൽ നന്നായി തമിഴ് സംസാരിക്കും. മലയാളവും അറിയാം. ഡൽഹി ജെ.എൻ.യുവിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും എം.ഫിലും പൂർത്തിയാക്കി. സ്കൂൾതലത്തിൽ മികച്ച എൻ.സി.സി കേഡറ്റായിരുന്നു. കോളേജിൽ സീനിയർ അണ്ടർ ഓഫീസറായും തിളങ്ങി.

രാജസ്ഥാൻ കേഡറിലെത്തിയതോടെ ജയ്‌പൂർ അസി.സൂപ്രണ്ട്, ജയ്സാൽമീർ, ബരാൻ, പാലി ജില്ലകളുടെ പൊലീസ് സൂപ്രണ്ട് പദവികൾ വഹിച്ചു. രാജസ്ഥാനിലെ ആദ്യ വനിതാ സായുധ ബറ്റാലിയനായ ഹദീറാണിയുടെ കമൻഡാന്റായി. ജയ്‌പൂരിലെ സർദാർ വല്ലഭായ് പട്ടേൽ പൊലീസ് സർവകലാശാലയിൽ സോഷ്യൽ ഡിഫൻസ് വിഭാഗം മേധാവിയായി. കേന്ദ്ര ധനകാര്യ സഹമന്ത്രി അർജുൻ റാം മേഘ്‌വാളിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായി. പിന്നീടാണ് സ്ഥാനക്കയറ്റത്തോടെ എൻ.ഐ.എയിൽ ഡി.ഐ.ജിയായത്.

കേരള പൊലീസിലെ ഡി.ഐ.ജിമാരായ പി.പ്രകാശ്, അനൂപ് കുരുവിള ജോൺ, കെ.സേതുരാമൻ എന്നിവരുടെ സഹബാച്ചുകാരിയാണ്. ഡാർക്ക് വെബ്, ക്രിപ്‌റ്റോ കറൻസി എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.