തിരുവനന്തപുരം: സർക്കാരിൻെറ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു മുതൽ 14വരെ അപേക്ഷകൾ സമർപ്പിക്കാം.തദ്ദേശഭരണ സ്ഥാപനങ്ങളിൽ സജ്ജീകരിക്കുന്ന ഹെൽപ് ഡെസ്‌ക്കുകൾ വഴിയോ സ്വന്തമായോ ഓൺലൈനായി അപേക്ഷിക്കാം. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. 2020 ജൂലായ് ഒന്നിനു മുൻപ് റേഷൻ കാർഡ് ഉള്ളതും കാർഡിൽ പേരുള്ള ഒരാൾക്ക് പോലും ഭവനം ഇല്ലാത്തതുമായ ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിത ഭവനരഹിതർ എന്നിവരാണ് അപേക്ഷിക്കേണ്ടത്. വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ കവിയരുത്. ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ടര ലക്ഷത്തോളം വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. മൂന്നാം ഘട്ടത്തിൽ ഒരു ലക്ഷത്തിലധികം ആളുകൾക്കാണ് ഭവനമൊരുങ്ങുന്നത്.