wildbufallo

വിതുര: വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിൽ കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമാകുന്നു. കൃഷി നശിപ്പിക്കുന്നതിന് പുറമേ ആദിവാസി സമൂഹത്തിന്റെ ജീവനും ഭീഷണിയായി മാറിയിട്ട് മാസങ്ങളേറെയായി. ഇന്നലെ വിതുര പഞ്ചായത്തിലെ അല്ലതാര ആദിവാസി മേഖലയിൽ ചക്കയിടാൻ പോയ മാധവൻ കാണികാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണപ്പെട്ടു. മുൻപ് അഗസ്ത്യാർകൂട തീർത്ഥാടനത്തിന് പോയ സംഘത്തിന് വഴികാട്ടിയായി പോയ ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളിയെയും കാട്ടുപോത്ത് ആക്രമിച്ചു കൊലപ്പെടുത്തി. ആനപ്പാറ മണലിയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന വിതുര സ്കൂളിലെ വിദ്യാർത്ഥിക്കും കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. പൊന്മുടി വിതുര റോഡിൽ വിതുര ചന്തമുക്കിനു സമീപമുള്ള എസ്റ്റേറ്റിൽ ജോലിക്ക് പോയ ആനപ്പാറ ചിറ്റാർ സ്വദേശി ആയ വീട്ടമ്മയ്ക്കും കാട്ടുപോത്തിന്റെ ആക്രമണത്തിൽ മാരകമായ പരിക്കേറ്റിരുന്നു. വിതുര പഞ്ചായത്തിലെ മിക്ക മേഖലകളിലും പകൽ സമയത്തു പോലും കാട്ടുപോത്തുകളുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്. ആദിവാസി ഊരുകളിലെ അവസ്ഥയും വിഭിന്നമല്ല. കാട്ടുപോത്തുകളുടെ ശല്യം നിമിത്തം രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് ആദിവാസികൾ പറയുന്നു. ആദിവാസി ഊരുകളിൽ നിന്നും സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികളും വഴി മദ്ധ്യേ കാട്ടുപോത്തുകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇതിന് പുറമേ കൃഷി നശിപ്പിക്കുന്നതും പതിവാണ്. കാട്ടുപോത്തുകളുടെ ശല്യം മൂലം കൃഷി അന്യമായി മാറിയെന്നാണ് ആദിവാസികൾ പരാതിപ്പെടുന്നത്. കാട്ടുപോത്തുകളുടെ ശല്യം വർദ്ധിച്ചതായി ചൂണ്ടിക്കാട്ടി അനവധി തവണ വനപാലകർക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്. കാട്ടുപോത്തിന് പുറമേ കാട്ടാനയും ആദിവാസി മേഖലകളിൽ ഭീതിയും, നാശവും പരത്തി വിഹരിക്കുകയാണ്.

കല്ലാർ, ആനപ്പാറ ആദിവാസി മേഖലയിൽ വർദ്ധിച്ചു വരുന്ന കാട്ടുമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണണം.

കല്ലാർ എക്സ് സർവീസ് മെൻസ് റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ