തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഉപേക്ഷിച്ച സാഹചര്യത്തിൽ ധനബില്ലിന്റെ കാലാവധി ദീർഘിപ്പിക്കാനായി കൊണ്ടുവന്ന ഓർഡിനൻസ് അംഗീകരിച്ചു ഗവർണറുടെ അനുമതിക്ക് വിടാൻ ഇന്നലെ ചേർന്ന പ്രത്യേകമന്ത്രിസഭായോഗം തീരുമാനിച്ചു. ധനബില്ലിന്റെ കാലാവധി 120 ദിവസത്തിൽ നിന്ന് 180 ദിവസമാക്കി ഉയർത്തിയുള്ളതാണ് ഓർഡിനൻസ്.
ഗവർണർ കൂടി അംഗീകരിക്കുന്നതോടെ ഓഗസ്റ്റ് 28 വരെ കാലാവധി ലഭിക്കും. അതിനകം നിയമസഭാ സമ്മേളനം വിളിക്കുകയോ ധനബിൽ കാലാവധി വീണ്ടും ദീർഘിപ്പിക്കുകയോ ചെയ്യാം. ആറു മാസത്തിനകം നിയമസഭാ സമ്മേളനം ചേരണമെന്നതിനാൽ സെപ്തംബർ 12നകം നിയമസഭ ചേരേണ്ടതുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം പുതുച്ചേരി നിയമസഭ വേപ്പുമര തണലിൽ ചേർന്നിരുന്നു.
മാർച്ച് 12നു പാസാക്കിയ ധനബില്ലിന്റെ കാലാവധി സാമ്പത്തിക വർഷാദ്യമായ ഏപ്രിൽ ഒന്നു മുതൽ 120 ദിവസമായിരുന്നു. ഈ കാലപരിധി നാളെ അവസാനിക്കാനിരിക്കെയാണ് ഉയർത്തിയ നികുതികൾ പിരിക്കാൻ സർക്കാരിന് താൽക്കാലിക അനുമതി നൽകുന്നതരത്തിൽ ഭേദഗതി ഓർഡിനൻസ് കൊണ്ടു വന്നത്. ധനബിൽ നിയമസഭയിൽ ചർച്ച ചെയ്തു പാസിക്കിയില്ലെങ്കിൽ ചരക്കു സേവന നികുതി ഭേദഗതി അടക്കം ഏഴു ബില്ലുകളിലായി സർക്കാർ കൊണ്ടു വന്ന നികുതികൾ പിരിക്കാനാകില്ല. എന്നാൽ, കാലാവധി നീട്ടുന്ന ഓർഡിനൻസ് കൊണ്ടു വരുന്നതോടെ ഇതു ദീർഘിപ്പിക്കാനാകും. 1471 കോടി രൂപ ഒറ്റത്തതവണ വായ്പ എടുക്കാൻ കേന്ദ്രം അനുമതി നൽകിയതിൻെറ അടിസ്ഥാനത്തിൽ ധന ഉത്തരവാദിത്വ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനും തീരുമാനിച്ചു. ധനകമ്മി മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 3 ശതമാനം നിലനിറുത്തുന്നതിനാണ് ഭേദഗതി എന്ന് മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്കരണം പഠിക്കാൻ നിയോഗിച്ച കമ്മിഷന്റെ കാലാവധി നാല് മാസത്തേക്ക് നീട്ടി. ഡിസംബർ 31 വരെ കമ്മിഷന് കാലാവധിയുണ്ടായിരിക്കും.
അസമിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്കായി അസം സർക്കാരിന് 2 കോടി രൂപ നൽകും. തോട്ടം തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള വിഹിതം 20 രൂപയിൽ നിന്ന് 30 രൂപയായും സ്വയം തൊഴിൽ ചെയ്യുന്നവരുടെ വിഹിതം 40 രൂപയിൽ നിന്ന് 60 രൂപയായും വർദ്ധിപ്പിക്കുന്നതിന് ഓർഡിനൻസ് ഇറക്കാനും തീരുമാനിച്ചു.
ധനബിൽ പാസാക്കുന്നതിനായി ഇന്നലെ ചേരാനിരുന്ന നിയമസഭാസമ്മേളനം കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉപേക്ഷിക്കാൻ കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
സാങ്കേതിക തടസ്സം :
അര മണിക്കൂർ വൈകി
ഒാൺലൈൻ മന്ത്രിസഭായോഗം
തിരുവനന്തപുരം: ചരിത്രത്തിലിടം പിടിച്ച് ആദ്യ ഒാൺലൈൻ മന്ത്രിസഭായോഗം . അഞ്ച് മന്ത്രിമാർ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലും രണ്ട് പേർ സ്വന്തം ഒാഫീസിലും, രണ്ട് പേർ ജില്ലാ കളക്ടറേറ്റിലും, ഒരാൾ ഒൗദ്യോഗിക വസതിയിലും ഇരുന്ന് പങ്കെടുത്തപ്പോൾ, ഒൗദ്യോഗിക വസതിയായ ക്ളിഫ് ഹൗസിൽ വലിയ സ്ക്രീനിന് ചുവട്ടിലിരുന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ചു.
കൃത്യം പത്ത് മണിക്ക് മുഖ്യമന്ത്രി വലിയ സ്ക്രീൻ തുറന്ന് യോഗത്തിന് തുടക്കമിട്ടു. മന്ത്രിമാർ പിന്നാലെയെത്തി. ആദ്യം ദൃശ്യങ്ങൾക്കും പിന്നീട് ശബ്ദത്തിനും ചില്ലറ തടസ്സങ്ങൾ. ഉടൻ സാങ്കേതിക വിദഗ്ധരെത്തി അര മണിക്കൂറിനുള്ളിൽ ശരിയാക്കി. പിന്നെ ഒരു മണിക്കൂർ ഭംഗിയായി കാര്യങ്ങൾ നടന്നു. 11.30 ഒാടെ യോഗം പൂർത്തിയായി. മന്ത്രിമാരായ ഡോ. തോമസ് ഐസക്ക്, മേഴ്സിക്കുട്ടി അമ്മ, കടന്നപ്പള്ളി രാമചന്ദ്രൻ, ജി. സുധാകരൻ, പി. തിലോത്തമൻ എന്നിവരാണു മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലിരുന്നത്.മന്ത്രിമാരായ എം.എം. മണിയും , ഇ. ചന്ദ്രശേഖരനും സ്വന്തം ഓഫിസിലിരുന്നും എ.കെ. ബാലൻഔദ്യോഗിക വസതിയിലിരുന്നും പങ്കെടുത്തു. ധന ബില്ലിന്റെ കാലാവധി ഉയർത്തുന്നതിനുള്ള ഓർഡിനൻസിന്റെ നിയമവശങ്ങൾ അവതരിപ്പിച്ചത് മന്ത്രി ബാലനാണ്. മന്ത്രി കെ. കൃഷ്ണൻകുട്ടി പാലക്കാട് കളക്ടറേറ്റിലും, മന്ത്രി എ.കെ. ശശീന്ദ്രൻ കോഴിക്കോട് കളക്ടറേറ്റിലും ഇരുന്നാണ് പങ്കെടുത്തത്