തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ 161പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കായിരുന്നു ഇന്നലത്തേത്. ശനിയാഴ്ച 240പേർക്കും ഞായറാഴ്ച 175 പേർക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 65 പേരുടെ പരിശോധനാ ഫലവും നെഗറ്റീവായി. എങ്കിലും ജില്ലയിലെ പുതിയ മേഖലകളിൽ രോഗം പടരുന്നത് ആശങ്കയുർത്തിയിട്ടുണ്ട്. ഇതിനൊപ്പം സമ്പർക്കം വഴി രോഗം പടരുന്നത് മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ 136പേർക്കാണ് ഇത്തരത്തിൽ രോഗം ബാധിച്ചത്. ബീമാപള്ളി, അഞ്ചുതെങ്ങ്, വലിയതുറ മേഖലകളിലാണ് കൂടുതൽ പേർക്ക് പോസിറ്റീവായത്. ലാർജ് ക്ലസ്റ്ററുകളായ പുല്ലുവിള,പുതുക്കുറച്ചി അഞ്ചുതെങ്ങ് എന്നിവിടങ്ങളിലെ സമീപ പ്രദേശങ്ങളിലേക്ക് രോഗം പകരുന്ന സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലാർജ് ക്ലസ്റ്ററിൽ മാത്രം ഇന്നലെ 1428 കൊവിഡ് പരിശോധനകൾ നടത്തിയതിൽ 35 എണ്ണം പോസിറ്റീവായി. പാറശാല,പൊഴിയൂർ ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. അതേസമയം പരിശോധന വ്യാപകമാക്കുന്നതോടെ വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടുമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകി. കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടെ ആവശ്യത്തിന് പരിശോധന നടക്കുന്നില്ലെന്ന് പരാതിയുണ്ട്. കൂടുതൽ ആരോഗ്യപ്രവർത്തകർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചത് തിരിച്ചടിയായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർക്കും പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയിൽ ഡോക്ടർ ഉൾപ്പെടെ ഏഴ് പേർക്കും പബ്ലിക് ഹെൽത്ത് ലാബിലെ ഒരു ജീവനക്കാരനും കണ്ണാശുപത്രിയിലെ ഒരു നഴ്സിംഗ് അസിസ്റ്റന്റിനും ഇന്നലെ കൊവിഡ് പോസിറ്റീവായി. നാവായിക്കുളം ഗ്രാമ പഞ്ചായത്തിൽ നഴ്സിനും കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം പേരൂർക്കട എസ്.എ.പി ക്യാമ്പിൽ പരിശീലനം നടത്തിയിരുന്ന ഒരു പൊലീസുകാരന് കൂടി രോഗം സ്ഥിരീകരിച്ചു. അഞ്ച് ദിവസം മുമ്പ് സ്രവം ശേഖരിച്ചിരുന്നെങ്കിലും മറ്റ് ട്രെയിനികൾക്കൊപ്പമാണ് ഇദ്ദേഹത്തെയും താമസിപ്പിച്ചിരുന്നതെന്നും ആക്ഷേപമുണ്ട്. വർക്കല,ചിലക്കൂർ,വളളക്കടവ് മേഖലകളിൽ ചിലർ മത്സ്യ ബന്ധനത്തിന് പോകുന്നുവെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ വർക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.
ആകെ നിരീക്ഷണത്തിലുള്ളവർ-18,854
വീടുകളിൽ -15,316
ആശുപത്രികളിൽ-2,284
കെയർ സെന്ററുകളിൽ-1,254
പുതുതായി നിരീക്ഷണത്തിലായവർ-963
ആശുപത്രി വിട്ടവർ-224