ശ്രീകാര്യം: ഇഷ്ടപ്പെട്ടുപോയാൽ വനിതാപൊലീസ് ആണെന്ന് പറഞ്ഞാലും എടുത്തുപോകും.... എന്നാൽ ഇഷ്ടപ്പെട്ട പൂവ് പൂച്ചെട്ടിയോടെ എടുക്കുമ്പോൾ കലിയുഗ വരദന്റെ ക്ഷേത്രത്തിൽ നിന്നും ' മുകളിലൊരാൾ കാണുന്ന കാര്യം ശ്രദ്ധിക്കാതെ പോയി. പൂച്ചെട്ടി പൊക്കിക്കൊണ്ടുപോയ നഗരത്തിലെ സൈബർ സ്റ്റേഷനിലെ വനിതാപൊലീസിനെക്കുറിച്ചാണിത്. രസകരമായ കഥയിങ്ങനെ: ആകർഷകമായി പൂത്തുലഞ്ഞുനിന്ന ആ ചെടിയെ കണ്ണുവച്ചാണ് ഈ ഓഫീസർ എപ്പോഴും പോകുന്നത്. രാത്രി പട്രോളിംഗ് ഡ്യൂട്ടിയുണ്ടായ ദിവസമാണ് സംഭവം നടക്കുന്നത്. പൊലീസ് ജീപ്പിൽ ഡ്രൈവറും ഓഫീസറും മാത്രം. വെളുപ്പിന് നാലുമണിക്ക് ധർമ്മശാസ്താക്ഷേത്രത്തിന് മുന്നിൽ പൊലീസ് ജീപ്പ് നിന്നു. ഡ്രൈവറും ഓഫീസറും പുറത്തിറങ്ങി ചെടിച്ചട്ടിയോടെ പൊക്കി പൊലീസ് ജീപ്പിന്റെ പിന്നിൽവച്ച് പാഞ്ഞുപോയി. പിറ്റേന്ന് വീട്ടുകാർ ഉണർന്നപ്പോൾ പൂച്ചെടി ഇല്ല. നാട്ടുകാരുടെ അന്വേഷണത്തിൽ അമ്പലത്തിലെ സി.സി ടിവി നോക്കി. എല്ലാം അതുപോലെ പകർത്തിയതുകണ്ടവർ ഞെട്ടി. എല്ലാം ധർമ്മശാസ്താവ് പകർത്തിയിരിക്കുന്നു - നാട്ടുകാരന്റെ കമന്റ്. പക്ഷേ പൊലീസ് ആവശ്യപ്പെടാതെ ക്ഷേത്ര കമ്മിറ്റി ദൃശ്യം പുറത്ത് നൽകില്ല. ദൃശ്യം പുറത്ത് കൊടുക്കാതിരിക്കാനും പരാതി നൽകാതിരിക്കാനും ശുപാർശയുടെ കുത്തൊഴുക്കുമായി നിരവധിപേർ എത്തി. പക്ഷേ സി.സി ടി.വി ദൃശ്യത്തെക്കുറിച്ചുള്ള സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ഇതിനകം എത്തേണ്ടിടത്ത് എത്തിക്കഴിഞ്ഞു.