തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാൻ തടസം നിന്നവർക്കെതിരെ ശക്തമായി ഇടപെടാൻ പൊലീസിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളാണ് പിന്തുടരേണ്ടത്. തെറ്റിദ്ധാരണയുടെ പുറത്ത് സംസ്കാരം തടയാൻ കൂട്ടം കൂടുകയല്ല വേണ്ടത്. അതിനു നേതൃത്വം കൊടുക്കാൻ ജനപ്രതിനിധി പോലും ഉണ്ടായി എന്നത് അപമാനകരമാണ്.
വൈറസുകൾ പകരുന്നത് രോഗബാധയുള്ളയാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തേയ്ക്ക് തെറിക്കുന്ന സ്രവത്തിന്റെ കണങ്ങളിലൂടെയാണ്. മൃതദേഹത്തിൽ നിന്നും രോഗം പകരാനുള്ള സാദ്ധ്യത വളരെ കുറവാണ്.
കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രോട്ടോക്കോളിൽ മൃതദേഹം സംസ്കരിക്കുന്നതിൽ പാലിക്കേണ്ട ശാസ്ത്രീയമായ രീതികളുണ്ട്. അതുപ്രകാരമാണ് ചെയ്യുന്നത്.
വൈദ്യുത ശ്മശാനങ്ങളിൽ ദഹിപ്പിക്കുന്നത് 800 ഡിഗ്രി സെൽഷ്യസ് വരെ വരുന്ന ഉയർന്ന താപനിലയിലാണ്. ഇത്രയും ഉയർന്ന താപനിലയിൽ വൈറസുകൾ വായു വഴി പകരുന്നതിന് യാതൊരു സാദ്ധ്യതയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
#പൊലീസുകാർക്ക് ടെസ്റ്റ്
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലെയും പൊലീസ് ഉദ്യോഗസ്ഥർക്ക് ആന്റിബോഡി ടെസ്റ്റ് നടത്തും. ഇതിനായി 14 ജില്ലകളിലും ലാബ് സൗകര്യം ഏർപ്പെടുത്തും.
ടെസ്റ്റിനുവേണ്ട ചെലവ് കേരള പൊലീസ് സഹകരണ സംഘവും കേരള പൊലീസ് വെൽഫെയർ ബ്യൂറോയും തുല്യമായി വീതിക്കും.