തിരുവനന്തപുരം: സമൂഹ്യവ്യാപന ഭീഷണി ഉയർത്തുന്ന പല ക്ലസ്റ്ററുകളിലും രോഗവ്യാപന തോത് കൂടിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ക്ലസ്റ്ററുകളുടെ എണ്ണവും വർദ്ധിക്കുന്നു. പുതിയ സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തി. സർവകക്ഷിയോഗം വിളിച്ച് രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളുമായി സംസാരിച്ചു. ആരോഗ്യവിദഗ്ദ്ധരുമായും പത്രാധിപൻമാരുമായും ചർച്ചനടത്തി. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന പൊതു അഭിപ്രായമാണ് ഉയർന്നത്. നിയന്ത്രണ ലംഘനങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ പൊലീസിന്റെ ഇടപെടൽ ശക്തിപ്പെടുത്തും. രോഗവ്യാപനം ഇനിയും വർദ്ധിക്കും. അതിനെ നേരിടാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ആരോഗ്യ സർവകലാശാലയിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെ സി.എഫ്.എൽ.ടി.സികളിൽ നിയോഗിക്കും. ക്ലസ്റ്ററുകൾ, ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യതയുള്ള മേഖലകൾ എന്നിവയെക്കുറിച്ച് പഠനം നടത്താൻ എപ്പിഡമിയോളജിസ്റ്റുകളെ നിയോഗിക്കും. കൊവിഡ് പ്രതിരോധത്തിനായി ദീർഘകാല പദ്ധതി രൂപപ്പെടുത്തും.- മുഖ്യമന്ത്രി പറഞ്ഞു.
12,801 കിടക്കകൾ
സംസ്ഥാനത്ത് ഇപ്പോൾ 101 സി.എഫ്.എൽ.ടി.സികൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ 12,801 കിടക്കകളാണുള്ളത്. 45 ശതമാനം കിടക്കകളിൽ ഇപ്പോൾ ആളുണ്ട്. രണ്ടാം ഘട്ടത്തിൽ 229 സി.എഫ്.എൽ.ടി.സികളാണ് കൂട്ടിച്ചേർക്കുന്നത്. 30,598 കിടക്കകളാണ് ഇവിടെയുള്ളത്. മൂന്നാംഘട്ടത്തിലേക്ക് 36,400 കിടക്കകളുള്ള 480 സി.എഫ്.എൽ.ടി.സികൾ കണ്ടെത്തിയിട്ടുണ്ട്.
കൊവിഡ് ചികിത്സയ്ക്ക് 86
സ്വകാര്യ ആശുപത്രികൾ
തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്കായി പ്രവർത്തിക്കാത്ത 44 സ്വകാര്യ ആശുപത്രികളും ഭാഗികമായി പ്രവർത്തിക്കുന്ന 42 ആശുപത്രികളും കണ്ടെത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ഈ ആശുപത്രികൾ കൊവിഡ് പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാക്കും.
കാരുണ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി കൂടുതൽ ആശുപത്രികൾ സർക്കാരുമായി കൈ കോർത്തുവരികയാണ്. കാസ്പ് ഗുഭോക്താക്കൾക്കും സർക്കാർ റഫർ ചെയ്യുന്ന കൊവിഡ് രോഗികൾക്കും എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ നിന്നും സൗജന്യ ചികിത്സ ലഭിക്കും. ജനറൽ വാർഡിൽ 2300 രൂപ,ഐ.സി.യുവിൽ 6500 രൂപ,വെന്റിലേറ്റർ ഐ.സി.യുവിൽ 11,500 രൂപ എന്നിങ്ങനെയാണ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക്.