തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ആഗസ്റ്റ് 24ന് നടക്കും.
ആഗസ്റ്റ് 18നായിരിക്കും ട്രയൽ അലോട്ട്മെന്റ്. മുഖ്യ അലോട്ട്മെന്റ് സെപ്തംബർ 15ന് അവസാനിക്കും. ക്ലാസുകൾ തുടങ്ങുന്ന തീയതി തീരുമാനിച്ചിട്ടില്ല.
സെപ്തംബർ 22 മുതൽ ഒക്ടോബർ ഒമ്പതുവരെ സപ്ലിമെന്ററി അലോട്ട്മെന്റുകൾ നടത്തും. ഒക്ടോബർ ഒമ്പതിന് പ്രവേശന നടപടികൾ അവസാനിപ്പിക്കാനാണ് തീരുമാനം.
രണ്ട് അലോട്ട്‌മെന്റുകൾ അടങ്ങുന്ന മുഖ്യ അലോട്ട്‌മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സപ്ലിമെന്ററി അലോട്ട്മെന്റുകൾ നടത്തും. സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ ക്ഷണിക്കുന്നതിന് മുൻപ് ഒഴിവുള്ള സീറ്റ് വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷ നൽകിയിട്ടും മുഖ്യ അലോട്ട്‌മെന്റുകളിലൊന്നിലും ഇടം നേടാൻ കഴിയാത്തവർ നിലവിലുള്ള അപേക്ഷ പുതുക്കണം.
ആകെ 3,61,746 സീറ്റുകളാണ് വിവിധ വിഭാഗങ്ങളിലായി ഉള്ളത്. അപേക്ഷകൾ ലഭിച്ചതിന് ശേഷം സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനെ പറ്റി ആലോചിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.